KeralaNews

കുഞ്ഞ് ആക്സിലറേറ്ററിൽ പിടിച്ച് തിരിച്ചു, സ്കൂട്ടർ തുണിക്കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറി; രക്ഷപ്പെടൽ തലനാരിഴയ്ക്ക്

ഹരിപ്പാട്: നിയന്ത്രണംവിട്ട സ്കൂട്ടർ അമിതവേഗത്തിൽ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറി. ഹരിപ്പാട് ഇന്നലെ ഉച്ചയോടെ നടന്ന അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറിൽ ഉണ്ടായിരുന്ന കുഞ്ഞ് ആക്സിലറേറ്ററിൽ പിടിച്ച് തിരിച്ചതാണ് അപകടകാരണമായത്. ജീവനക്കാരും സാധനം വാങ്ങാനെത്തിയവരും ഉൾപ്പടെ നിരവധിപേർ അപകടസമയം കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു എങ്കിലും ആർക്കും പരിക്കേറ്റില്ല.

ഇരുചക്രവാഹനത്തിൽ യുവാവും ഭാര്യയും കുഞ്ഞുമാണ് ഉണ്ടായിരുന്നത്. തുണിത്തരങ്ങൾ വാങ്ങാനെത്തിയ ഇവർ ജംഗ്ഷനിലെ ഫിദ ടെക്‌സ്റ്റൈലിനുമുന്നിൽ സ്കൂട്ടർ നിറുത്തി. യുവാവും കുഞ്ഞും സ്കൂട്ടറിൽ ഇരിക്കെ യുവതി ഇറങ്ങി സാധനങ്ങൾ നോക്കാനായി കടയിലേക്ക് കയറി. ഇതിനിടെ കുഞ്ഞ് ആക്സിലറേറ്ററിൽ പിടിച്ചുതിരിച്ചു. പൊടുന്നനെ അമിതവേഗത്തിൽ മുന്നോട്ടുനീങ്ങിയ സ്കൂട്ടർ കടയിലേക്ക് കയറുകയായിരുന്ന ഭാര്യയെയും ഇടിച്ചിട്ടുകൊണ്ട് കടയ്ക്കുള്ളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വിൽപ്പനയ്ക്കായി കൊണ്ടുവന്ന തുണിക്കെട്ടുകളുടെ മുകളിലേക്കാണ് യുവതി വീണതും സ്കൂട്ടർ ഇടിച്ചുനിന്നതും. അതിനാൽ ആർക്കും പരിക്കേറ്റില്ല.

അപകടം നടക്കുമ്പോൾ സാധനങ്ങൾ വാങ്ങാൻ എത്തിയവരും ജീവനക്കാരും ഉൾപ്പടെ നിരവധിപേർ കടയ്ക്കുള്ളിൽ ഉണ്ടായിരുന്നു. സ്കൂട്ടർ പാഞ്ഞുവരുന്നത് കണ്ട് ചിലർ ഉച്ചത്തിൽ നിലവിളിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിൽ കടയ്ക്ക് കാര്യമായ കേടുപാടുകളുണ്ടായിട്ടുണ്ടോ എന്നും പൊലീസ് കേസെടുത്തിട്ടുണ്ടോ എന്നും വ്യക്തമല്ല. സ്കൂട്ടറിന് മുന്നിൽ ഇരിക്കുന്ന കുഞ്ഞുങ്ങൾ ആക്സിലറേറ്ററിൽ പിടിച്ച് തിരിച്ചതുമൂലമുണ്ടാകുന്ന അപകടങ്ങൾ നേരത്തേയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker