കോഴിക്കോട്: കാർ ചേസിംഗ് റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ ആണ് അറസ്റ്റിലായത്. സാബിദിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയിരിക്കുകയാണ്. വാഹനത്തിന്റെ ആർ സി റദ്ദാക്കാനും നിർദേശമുണ്ട്.
വീഡിയോഗ്രാഫറായ കടമേരി വേളത്ത് താഴെ കുനി നെടുഞ്ചാലിൽ സുരേഷിന്റെയും ബിന്ദുവിന്റെയും ഏക മകൻ ടി.കെ.ആൽവിൻ (20) ആണ് മരിച്ചത്. കോഴിക്കോട് ബീച്ച് റോഡിൽ പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടമുണ്ടായത്. കോഴിക്കോട്ടെ ഒരു സ്വകാര്യ കമ്പനിക്കായി ഡിഫൻഡർ, ബെൻസ് കാറുകളുടെ ചേസിംഗ് വീഡിയോ റോഡിന് നടുവിൽ നിന്ന് ചിത്രീകരിക്കുകയായിരുന്നു ആൽവിൽ. അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ആൽവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11.30ഓടെ മരിച്ചു.
അപകടത്തെത്തുടർന്ന് കാറുകൾ ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി സാബിദ് റഹ്മാൻ, ഇടശേരി സ്വദേശി മുഹമ്മദ് റബീസ് എന്നിവരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിക്കായി സൗഹൃദത്തിന്റെ പേരിലാണ് ആൽവിൻ വീഡിയോ ചിത്രീകരിച്ചത്. സിനിമാറ്റോഗ്രാഫർ കൂടിയായ ആൽവിൻ മുമ്പും വാഹനങ്ങളുടെ ചേസിംഗ് റീൽസുകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് ഗൾഫിലായിരുന്ന ആൽവിൻ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. രണ്ടു വർഷം മുമ്പ് ആൽവിന് കിഡ്നി ഓപ്പറേഷൻ കഴിഞ്ഞിരുന്നു. ആറുമാസം കൂടുമ്പോൾ മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് നാട്ടിലെത്തിയത്.