ചെന്നൈ: ടീം ഇന്ത്യയുടെ നിലവിലെ ഡ്രസ്സിങ് റൂം സാഹചര്യങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ആര്‍. അശ്വിന്‍. ഒരു കാലത്ത് ടീം അംഗങ്ങളെല്ലാം സുഹൃത്തുക്കളായിരുന്നുവെന്നും എന്നാല്‍ ഇന്നവര്‍ വെറും സഹതാരങ്ങള്‍ മാത്രമാകുകയാണെന്നും അശ്വിന്‍ തുറന്നടിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു പിന്നാലെ ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് അശ്വിന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
നിലവില്‍ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ താരത്തിന് പ്ലെയിങ് ഇലവനില്‍ അവസരം നിഷേധിക്കപ്പെട്ടിരുന്നു.
”എല്ലാവരും സഹപ്രവര്‍ത്തകരാകുന്ന കാലഘട്ടമാണിത്. ഒരു കാലത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍ സഹപ്രവര്‍ത്തകരെല്ലാം സുഹൃത്തുക്കളായിരുന്നു. ഇപ്പോള്‍, അവര്‍ വെറും സഹപ്രവര്‍ത്തകരാണ്. ഇവ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കാരണം ഇവിടെ ആളുകള്‍ മറ്റുള്ളവരെ മറികടന്ന് സ്വയം മുന്നേറാനാണ് ശ്രമിക്കുന്നത്.
ആയതിനാല്‍ തന്നെ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാന്‍ ആര്‍ക്കും സമയമില്ല.” – അശ്വിന്‍ പറഞ്ഞു. ഇന്ത്യയുടെ ഡ്രസ്സിങ് റൂമില്‍ ഇപ്പോള്‍ സൗഹൃദം എന്നൊന്ന് ഇല്ലെന്നും ഓരോ സ്ഥാനത്തിനായും ടീമിനുള്ളില്‍ തന്നെ കടുത്ത മത്സരമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ ബോര്‍ഡര്‍ – ഗാവസ്‌ക്കര്‍ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ അശ്വിനായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് ഓവലില്‍ നടന്ന ഫൈനലില്‍ അവസരം ലഭിച്ചില്ല. ഇന്ത്യയുടെ ദയനീയ പരാജയത്തിനു പിന്നാലെ ഈ തീരുമാനത്തിന്റെ പേരില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ഏറെ വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്തിരുന്നു.
92 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 474 വിക്കറ്റുകളുമായി ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് അശ്വിനാണ്.