KeralaNews

സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസെടുത്തു, സുരക്ഷാ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആ‍ര്‍

തൃശ്ശൂർ : മാര്‍ഗതടസമുണ്ടാക്കിയെന്ന  മാധ്യമങ്ങൾക്കെതിരായ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മൂന്നു ചാനലുകൾ ഉൾപ്പടെയുള്ള മാധ്യമങ്ങൾക്കെതിരെയാണ് കേസ്. സുരേഷ് ഗോപിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വിഷ്ണുരാജിനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റി, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഭാരതീയ ന്യായ് സംഹിതയിലെ, 329 ( 3 ) , 126 (2) , 132 എന്നീ  വകുപ്പുകൾ പ്രകാരമാണ് കേസ്.  

ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രകോപനപരമായാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പ്രതികരിച്ചത്. രാമനിലയത്തിൽ നടനും കേന്ദ്രമന്ത്രിയുമായ നടന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവ‍ര്‍ത്തകരെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് സുരേഷ് ​ഗോപി തള്ളി മാറ്റുകയായിരുന്നു. 

പിന്നാലെ സുരേഷ് ഗോപിക്കെതിരെ കെയുഡബ്ല്യൂ അടക്കം പ്രതിഷേധം രേഖപ്പെടുത്തി. അനിൽ അക്കര സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതിയും നൽകി.  വിമര്‍ശനങ്ങളും പരാതികളുമുയര്‍ന്നതിന് പിന്നാലെ കേന്ദ്രമന്ത്രിയായ തനിക്കും സുരക്ഷാ ജീവനക്കാര്‍ക്കും നേരെ കയ്യേറ്റശ്രമമുണ്ടായെന്ന് തൂണ്ടിക്കാട്ടി സുരേഷ് ഗോപി പൊലീസിൽ പരാതി നൽകി.  കേന്ദ്ര സർക്കാരിനെയും വിവരം അറിയിച്ചു. ഇതോടെ കേന്ദ്രമന്ത്രിയുടെ സുരക്ഷ കൂട്ടി. 

സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടക്കുന്നത് കേന്ദ്ര സർക്കാരിനെ സംസ്ഥാന പോലീസ് അറിയിച്ചിട്ടുണ്ട്. മന്ത്രിയെ തടഞ്ഞ സംഭവത്തിൽ മാധ്യമങ്ങൾക്കെതിരെ അന്വേഷണമുള്ളതും ധരിപ്പിച്ചു. ദില്ലി പൊലീസ് ഇന്ന് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയേക്കും. 

അതേ സമയം സുരേഷ് ഗോപിയുടെ മാധ്യമങ്ങളോട് അടക്കമുണ്ടായ പ്രകോപനം  പാർട്ടിയും അന്വേഷിക്കുകയാണെന്നാണ് വിവരം. കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് വിവരങ്ങൾ തേടി. മന്ത്രിയുടെ പ്രവർത്തനങ്ങളിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി രേഖപ്പെടുത്തി.  

മാധ്യമ പ്രവർത്തകരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി കയ്യേറ്റം ചെയ്തെന്ന അനിൽ അക്കരയുടെ പരാതിയിൽ പ്രാഥമികാന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.  തൃശൂർ സിറ്റി എ സി പിക്കാണ് കമ്മീഷ്ണർ നിർദ്ദേശം നൽകിയത്. പരാതിക്കാരനിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും വേണ്ടി വന്നാൽ മൊഴിയെടുക്കുമെന്ന് എസി പി അറിയിച്ചു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker