KeralaNews

ഒമൈക്രോണ്‍: കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുടെ അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാന സര്‍ക്കാരുകളുടെ യോഗം വിളിച്ചു. രാവിലെ 10 മണിയ്ക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധന ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

എയര്‍പോര്‍ട്ട് പബ്ലിക് ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍, പോര്‍ട്ട് ഹെല്‍ത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിക്കും. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘ഒമൈക്രോണ്‍’ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നവര്‍ യാത്രപുറപ്പെടുന്നതിന് 14 ദിവസം മുമ്പുവരെ നടത്തിയ സഞ്ചാരത്തിന്റെ ചരിത്രം എയര്‍ സുവിധ പോര്‍ട്ടലില്‍ കയറി സ്വയം സാക്ഷ്യപ്പെടുത്തണം. കൂടാതെ, ആര്‍ടിപിസിആര്‍. പരിശോധനാ ഫലവും അപ്ലോഡ് ചെയ്യണം. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്.

ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന പത്തു രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് പരിശോധനയും പ്രത്യേക നിരീക്ഷണവുമുണ്ട്. ഇന്ത്യയില്‍ വിമാനമിറങ്ങിയശേഷം ഇവര്‍ കോവിഡ് പരിശോധനയ്ക്കു വിധേയരാകണം. പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ ആശുപത്രികളിലേക്ക് മാറ്റും. നെഗറ്റീവാണെങ്കില്‍ ഏഴുദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. എട്ടാംദിവസം വീണ്ടും കോവിഡ് പരിശോധിക്കണം.

പോസിറ്റിവ് ആയവരുടെ ഫലം ജീനോം സീക്വന്‍സിങ് നടത്തും.’അറ്റ് റിസ്‌ക്’ രാജ്യങ്ങള്‍ അല്ലാത്തവയില്‍നിന്നു വരുന്നവര്‍ 14 ദിവസം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍മതി. യൂറോപ്യന്‍ യൂണിയന്‍, ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബ്രസീല്‍, ചൈന, മൗറീഷ്യസ്, ന്യൂസീലന്‍ഡ്, സിംബാംബ് വെ, സിങ്കപ്പൂര്‍, ഇസ്രയേല്‍, ഇംഗ്ലണ്ട് തുടങ്ങിയവയാണ് അതിജാഗ്രതാ പട്ടികയിലുള്ളത്.ഇതുവരെ 25 രാജ്യങ്ങളിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

ദക്ഷിണകൊറിയ, സ്വീഡന്‍, സ്പെയിന്‍, പോര്‍ച്ചുഗല്‍, നോര്‍വെ, നൈജീരിയ, ഡെന്മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലും പുതുതായി കേസുകളുണ്ട്. ദക്ഷിണാഫ്രിക്കയിലും അയല്‍രാജ്യമായ ബോട്സ്വാനയിലും രോഗം ബാധിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചു. വരും ആഴ്ചകളില്‍ ഇത് മൂന്നിരട്ടിവരെ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker