കോട്ടയം: കൊവിഡ് മുക്തരായ വയോധിക ദമ്പതികള്‍ തുടര്‍ പരിശോധനകള്‍ക്കായി വീണ്ടും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. റാന്നി ഐത്തല തട്ടയില്‍ തോമസ് എബ്രഹാം (93), ഭാര്യ മറിയാമ്മ തോമസ് (88) ഇവരുടെ കൊച്ചുമകള്‍ കോട്ടയം തിരുവാര്‍പ്പ് ചെങ്ങളം കുമരംകുന്നേല്‍ റീന (28) ഭര്‍ത്താവ് റോബിന്‍ (35) എന്നിവരാണ് തുടര്‍ പരിശോധനയ്ക്ക് എത്തിയത്.
ഇന്നു രാവിലെ 11ന് പകര്‍ച്ചവ്യാധി വിഭാഗം മേധാവിയും ഇവരുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഡോ.ആര്‍. സജിത്കുമാര്‍ ഇവരെ പരിശോധിച്ചു. കൊവിഡ് 19 സംബന്ധമായി ഇനി ഹോം ക്വാറന്റൈയിന്റെ ആവശ്യമില്ലെന്നും വയോധികരുടെ മറ്റ് അസുഖങ്ങള്‍ക്ക് തുടര്‍ചികിത്സ വേണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ യുവദമ്പതികള്‍ രോഗം ഭേദപ്പെടുകയും ക്വാറന്റൈന്‍ കാലാവധി പൂര്‍ണമായും പൂര്‍ത്തീകരിച്ചതിനാല്‍ ഇനി മുതല്‍ പൊതു സമൂഹവുമായി ഇടപെടുന്നതിന് ബുദ്ധിമുട്ടില്ലെന്നും ഡോക്ടര്‍ അറിയിച്ചു.
അതേസമയം ലോക്ക് ഡൗണ്‍ മൂലം ഇവരോട് വീടുകളില്‍ കഴിയാന്‍ തന്നെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് എട്ടിന് ഇവര്‍ രോഗലക്ഷണവുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുകയും തുടര്‍ന്നുള്ള പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നീട് മാര്‍ച്ച് 28ന് യുവദമ്പതികളും, ഏപ്രില്‍ മൂന്നിന് വയോധികരും മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടു.