News

ലത മങ്കേഷ്‌ക്കറുടെ സംസ്‌കാരം ഞായറാഴ്ച വൈകിട്ട്; രാജ്യത്ത് രണ്ടു ദിവസം ദുഃഖാചരണം

ന്യൂഡല്‍ഹി: ഇതിഹാസ ഗായിക ലത മങ്കേഷ്‌ക്കറുടെ സംസ്‌കാരം ഞായറാഴ്ച വൈകിട്ട് നടക്കും. പൂര്‍ണഔദ്യോഗിക ബഹുമതികളോടെ ശിവാജി പാര്‍ക്കില്‍ വൈകിട്ട് 6.30 ന് ആണ് സംസ്‌കാരം. ലത മങ്കേഷ്‌ക്കറുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസം പകുതി താഴ്ത്തിക്കെട്ടും.

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മുംബെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് പോസിറ്റീവായതിനെത്തുട ര്‍ന്ന് ജനുവരി എട്ടിനാണു ലതാ മങ്കേഷ്‌കറെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരിയ രോഗലക്ഷണങ്ങളാണ് അന്നുണ്ടായിരുന്നത്.

ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ജനുവരി 29നു ലതാ മങ്കേഷ്‌കറെ വെന്റിലേറ്ററില്‍നിന്നു മാറ്റിയിരു ന്നു. എന്നാല്‍, ഐസിയുവില്‍ത്തന്നെ തുടരുകയായിരുന്നു. ശനിയാഴ്ചയോടെ വീണ്ടും നില വഷളായി. ഇതോടെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ലതാ മങ്കേഷ്‌കറുടെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാ ലോകം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പേര്‍ ലതാജിക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.

ലതാ മങ്കേഷ്‌കറിനെ അനുസ്മരിക്കാന്‍ തനിക്ക് വാക്കുകളില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. നികത്താനാകാത്ത ഒരു വലിയ വിടവ് അവശേഷിപ്പിച്ചാണ് ലത വിടവാങ്ങുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. തലമുറകളുടെ വികാരങ്ങള്‍ക്ക് ശബ്ദം നല്‍കിയ പ്രതിഭയാണ് ലതാ മങ്കേഷ്‌കറെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. ലതാ മങ്കേഷ്‌കറിന്റെ മരണവാര്‍ത്ത ഹൃദയഭേദകമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആലാപനമാധുരി കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സമാനതയില്ലാത്ത സംഗീതജ്ഞയായിരുന്നു ലതാമങ്കേഷ്‌കര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അവരുടെ പാട്ടിനൊപ്പം വളര്‍ന്ന പല തലമുറകള്‍ ഉണ്ട്. അവരുടെയെല്ലാം മനസ്സില്‍ മായ്ക്കാനാവാത്ത സ്ഥാനമാണ് ലതാമങ്കേഷ്‌കര്‍ക്കുള്ളത്. പല പതിറ്റാണ്ടുകള്‍ മറ്റാരുമായും താരതമ്യപ്പെടുത്താനാവാത്തത്ര ഉയരത്തില്‍ നിന്ന ഈ ഗായിക ഹിന്ദിയില്‍ മാത്രമല്ല ഇന്ത്യയിലെ വ്യത്യസ്തങ്ങളായ നിരവധി ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു. മലയാളിക്കും അവരുടെ നാവിന്‍തുമ്പിലെ മലയാളത്തിന്റെ മധുരം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി. ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ ദുഃഖിക്കുന്ന സംഗീത ലോകത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗായിക ലതാ മങ്കേഷ്‌കര്‍ വിടപറയുമ്പോള്‍ പകരംവയ്ക്കാനില്ലാത്ത ശബ്ദമാണ് ഇന്ത്യന്‍ സിനിമാ ലോകത്തിന് നഷ്ടമാകുന്നത്. പ്രായം തളര്‍ത്താത്ത ഇതിഹാസം 92ാം വയസില്‍ അരങ്ങൊഴിയുമ്പോള്‍ ബാക്കിയാകുന്നത് ഒട്ടേറെ മധുരസ്മരണങ്ങളുണര്‍ത്തുന്ന ഗാനങ്ങളാണ്.

ഇന്ത്യന്‍ സിനിമാലോകത്തെ വാനമ്പാടി. അതാണ് ലതാ മങ്കേഷ്‌കറിനെ ലോകം വിശേഷിപ്പിക്കുന്നത്. 1947 കാലഘട്ടം മുതല്‍ ഹിന്ദി സിനിമയിലെ സജീവ സാന്നിധ്യമായി. 1990ല്‍ ദേശീയ പുരസ്‌കാരം ലതാജിക്ക് ലഭിച്ചു. ഭാരത് രത്‌ന, പത്മഭൂഷണ്‍, ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങി പുരസ്‌കാരങ്ങളുടെ നേട്ടം എന്നും സ്‌നേഹവായ്പുകള്‍ക്ക് പിറകെ ലതാജിക്കൊപ്പമുണ്ടായിരുന്നു. ഒരര്‍ത്ഥത്തില്‍ ഇന്ത്യന്‍ സിനിമയുടെ ഐക്കണ്‍ എന്നുതന്നെ പറയാം. ഹിന്ദിയിലും മറാത്തിയിലും ബംഗാളിയിലും ലതാ മങ്കേഷ്‌കര്‍ നിറസാന്നിധ്യമായി പതിറ്റാണ്ടുകളോളം തിളങ്ങി. 1974ല്‍ പുറത്തിറങ്ങിയ നെല്ല് എന്ന മലയാള സിനിമയിലെ കദളി ചെങ്കദളി എന്ന ഗാനം ലതാജിയുടെ ശബ്ദത്തില്‍ പിറന്നതാണ്.

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ 92ാം വയസിലാണ് ലതാ മങ്കേഷ്‌കര്‍ വിടപറയുന്നത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്‌കറെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ മാറ്റം വന്നതോടെ ഐ.സി.യുവില്‍ നിന്ന് മാറ്റി. എന്നാല്‍ വീണ്ടും ആരോഗ്യനില മോശമായെന്നും വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker