FeaturedKeralaNews

മുസ്ലീങ്ങളുടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങരുത് ,ഓട്ടോയിൽ കയറരുത്; വൈദികൻ്റെ വിവാദ പ്രഭാഷണം,കുർബാന ബഹിഷ്ക്കരിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ

കോട്ടയം:പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയ്ക്ക് പിന്നാലെ മുസ്ലിം വിരുദ്ധ പ്രസ്താവനയുടെ പേരിൽ കന്യാസ്ത്രീകളുടെ പ്രതിഷേധം. കുറവിലങ്ങാട് മഠത്തിൽ നടന്ന കുർബാനയ്ക്കിടെ വൈദികൻ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയതിൻറെ പേരിൽ കന്യാസ്ത്രീകൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായ അനുപമ, ആൽഫി, നീനാ റോസ്, ജോസഫിൻ എന്നിവരാണ് വൈദികനെതിരേ ആരോപണം ഉന്നയിച്ച് മാധ്യമങ്ങളെ കണ്ടത്. മഠത്തിലെ ചാപ്പലിൽ ഞായറാഴ്ച നടന്ന കുർബാനയിൽ വൈദികൻ മുസ്ലീം വിരുദ്ധ പ്രസംഗം ആരംഭിച്ചപ്പോഴാണ് തങ്ങൾ അത് തടഞ്ഞ ശേഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയതെന്ന് കന്യാസ്ത്രീകൾ മാധ്യമങ്ങളോട് പറഞ്ഞു.

ക്രിസ്ത്യാനികൾക്ക് പലർക്കും കുട്ടികൾ ഉണ്ടാകാതിരിക്കുന്നതുതന്നെ അതിനായി ചില മരുന്നുകൾ പ്രയോഗിക്കുന്നതുകൊണ്ടാണെന്ന് അച്ചൻ ഇന്നത്തെ പ്രസംഗത്തിൽ പറഞ്ഞതായി കന്യാസ്ത്രീകൾ ആരോപിക്കുന്നു. മുൻപും മുസ്ലിം സമുദായത്തിൽപ്പെട്ടവരെ അവഹേളിച്ചുകൊണ്ട് ഇതേ വൈദികൻ പ്രസംഗിക്കുക പതിവായിരുന്നു. ഈശോ സിനിമയുമായി ബന്ധപ്പെട്ടും ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നു.

ഇന്ന് കുർബാനയ്ക്കിടയിൽ ഇത്തരം പരാമർശങ്ങൾ ഉണ്ടായപ്പോൾ തങ്ങൾ ഉൾപ്പെടെ കന്യാസ്ത്രീകൾ പ്രതികരിക്കുകയായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. വർഗീയമായ പരാമർശങ്ങൾ ആരംഭിച്ചപ്പോൾ തന്നെ ഇത്തരം പ്രസംഗം പള്ളിയിൽ നടത്താൻ പറ്റില്ലെന്ന് പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ചാപ്പലിൽനിന്ന് കുർബാന കൂടാതെ ഇറങ്ങിപ്പോയെന്നും സിസ്റ്റർ അനുപമ പറഞ്ഞു.

അന്തേവാസികളായ നാലുപേരും 12 കന്യാസ്ത്രീകളും മാത്രമാണ് കുർബാനയിൽ പങ്കെടുത്തിരുന്നത്. പുറത്തുനിന്ന് വിശ്വാസികളാരും ഉണ്ടായിരുന്നില്ല. ഇംഗ്ലീഷിലായിരുന്നു വൈദികൻ സംസാരിച്ചത്.

മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ നിരവധി പേരുമായി ഇടപെടാറുണ്ട്. അവരിൽനിന്നൊന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത് വർഗീയത വിതയ്ക്കാനല്ല. അയൽക്കാരെയും മറ്റുള്ളവരെയും സ്നേഹിക്കാനാണ്. ആ മാർഗത്തിന് വിരുദ്ധമായി പോകുന്നത് കണ്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ സാധിച്ചില്ലെന്നും കന്യാസ്ത്രീകൾ പറഞ്ഞു.

ബിഷപ്പ് നടത്തിയ പ്രസംഗത്തെ തുടർന്നും ഈ വൈദികൻ ലൗ ജിഹാദ് സംബന്ധിച്ച് ചില പ്രസ്താവനകൾ നടത്തിയിരുന്നെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. ബിഷപ്പ് നടത്തിയ പ്രസ്താവനകളെ തങ്ങൾ പിന്തുണയ്ക്കുന്നില്ലെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker