ശ്രീലങ്കയിൽ ചുവപ്പ് മുന്നേറ്റം തുടരുന്നു, പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടതിന് വൻ നേട്ടം
കൊളംബോ: ശ്രീലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടത് മുന്നേറ്റം. 225 അംഗ പാർലമെന്റിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ നാഷനൽ പീപ്ൾസ് പവർ(എൻപിപി)123 സീറ്റുകൾ നേടി കേവല ഭൂരിപക്ഷം നേടി. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 107 സീറ്റുകളും കടന്നാണ് എൻപിപിയുടെ മുന്നേറ്റം.
എൻപിപിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്നുവെന്ന് അനുര കുമാര ദിസനായകെ പ്രതികരിച്ചു. അതേസമയം, അന്തിമ ഫലം പുറത്തുവന്നിട്ടില്ല. റനിൽ വിക്രമസിംഗെയുടെ നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യത്തിലെ എസ്ജെബി 18 ശതമാനം വോട്ടുനേടി എട്ട് സീറ്റുകളിൽ വിജയിച്ചു.
എൻഡിഎഫ് ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്. രാജപക്സെ കുടുംബത്തിന്റെ ശ്രീലങ്കൻ പീപ്പിൾസ് ഫ്രണ്ട് വോട്ടുവിഹിതത്തിൽ കാര്യത്തിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വെറും രണ്ട് സീറ്റ് മാത്രമാണ് വിജയിച്ചത്. ഇത്തവണ വോട്ടിങ് ശതമാനത്തിൽ വലിയ കുറവുണ്ടായി. 70 ശതമാനത്തിലും താഴെയായിരുന്നു പോളിങ്.
സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 80 ശതമാനംപേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലേക്ക് ഒതുങ്ങിയ സഖ്യമാണ് ഇത്തവണ വലിയ വിജയത്തിലേക്ക് കുതിച്ചതെന്നു പ്രത്യേകതയുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ താറുമാറായ ശ്രീലങ്ക കരകയറുകയാണെന്നാണ് റിപ്പോർട്ടുകൾ.