ഇനി ആരെയെങ്കിലും കെട്ടിപ്പിടിക്കുകയോ ചുംബിക്കുകയോ ചെയ്താല്‍ അന്നവിടെ വന്ന് തല്ലും; വിനീത് പറഞ്ഞതിനെ പറ്റി ശിവദ
കൊച്ചി:ആല്‍ബം പാട്ടില്‍ അഭിനയിച്ച് പിന്നീട് നായികയായി മാറിയ സുന്ദരിയാണ് ശിവദ. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായി മാറിയ നടി ഇപ്പോള്‍ മലയാളത്തിന് പുറമേ തമിഴിലും സജീവ സാന്നിധ്യമാണ്. ശാലീന സൗന്ദര്യമാണ് ശിവദയുടെ പ്രത്യേകതകളില്‍ പ്രധാനം. ആദ്യം അഭിനയിച്ച മഴ എന്ന പേരിലുള്ള റൊമാന്റിക് ആല്‍ബങ്ങളൊക്കെ വിജയിച്ചതും അക്കാരണത്താലാണ്.
അടുത്തിടെ നടി സ്വാസിക വിജയുടെ കൂടെ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ ശിവദ അതിഥിയായി പങ്കെടുത്തിരുന്നു. സിനിമയെ കുറിച്ചും വ്യക്തി ജീവിതത്തെ പറ്റിയുമൊക്കെ സ്വാസികയുടെ ചോദ്യങ്ങള്‍ക്ക് ശിവദ മറുപടി പറഞ്ഞിരുന്നു. ഇതിനിടയില്‍ രസകരമായൊരു ഗെയിം നടി ശിവദയ്ക്ക് നല്‍കിയിരുന്നു.
കൂടെ അഭിനയിച്ച ചില നടന്മാരെ കുറിച്ചും അവരുമായിട്ടുള്ള സൗഹൃദത്തെ പറ്റി പറയാനുമാണ് സ്വാസിക പറഞ്ഞത്. നിരവധി താരങ്ങള്‍ക്കിടയില്‍ നടനും സംവിധായകനുമായ വിനീത് കുമാറും ഉണ്ടായിരുന്നു. വിനീതിനൊപ്പം ആല്‍ബത്തില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തതിനെ കുറിച്ച് മനസ് തുറക്കുകയാണ് നടി. ഇൻ്റിമേറ്റ് സീനിലൊന്നും അഭിനയിക്കാൻ പറ്റില്ലെന്ന വാശിയിലായിരുന്നു ഞാന്ർ. അന്നദ്ദേഹം പറഞ്ഞ രസകരമായ സംഭവങ്ങളുമാണ് നടി പരിപാടിയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
‘വിനീത് കുമാര്‍ ആണ് മഴ എന്ന ആല്‍ബത്തിന്റെ ഡയറക്ടര്‍ എന്ന് പറഞ്ഞാണ് ശിവദ സംസാരിച്ച് തുടങ്ങുന്നത്. ഞാനാദ്യം വിനീതേട്ടനെ കാണുന്നത് ഓഡിഷന്റെ അന്നാണ്. ഞാനന്ന് കാണുമ്പോള്‍ സ്പ്രിങ് പോലത്തെ മുടിയും പൂച്ചക്കണ്ണുമൊക്കെയുള്ള ഒരാള്‍. കറുത്ത നിറമുള്ള പാന്റും ടീഷര്‍ട്ടുമൊക്കെയിട്ട് നില്‍ക്കുകയാണ്. ആളെ കണ്ടിട്ടുണ്ടെങ്കിലും എന്റെ മനസില്‍ ഈയൊരു ലുക്ക് ആയിരുന്നില്ല.
ഓഡിഷന്‍ ചെയ്തിട്ട് എന്നെ സെലക്ട് ചെയ്തു. എന്നിട്ട് വിനീതേട്ടന്റെ നാടായ കണ്ണൂരില്‍ തന്നെയായിരുന്നു ചിത്രീകരണം. മഴ പാട്ടില്‍ ഒരു സീനുണ്ട്. ഹീറോ എന്നെ കൈയ്യില്‍ പിടിച്ചിട്ട് ചെറുതായിട്ടൊന്ന് കെട്ടിപ്പിടിക്കും. കാര്യമായി വേറെ സീനൊന്നുമില്ല. അതിന്റെ എഡിറ്റിങ്ങ് നടക്കുന്നതിനിടയില്‍ എന്നെ വിളിച്ച് സീനിനെ പറ്റി പറയും.
അതുപോലെ പാട്ടില്‍ നായകന്റെ മടിയിലിരിക്കുന്ന ഒരു സീനുണ്ട്. അത് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അയ്യോ എന്നെ കൊണ്ട് അതൊന്നും പറ്റില്ല. ഞാനൊരിക്കലും ചെയ്യില്ല, നായകനെ തൊടാനും പിടിക്കാനുമൊന്നും എനിക്ക് പറ്റില്ലെന്ന് തന്നെ പറഞ്ഞു. അന്ന് എന്റെ അമ്മയും കൂടെയുണ്ട്.
‘ഇന്ന് നീ ഈ സീന്‍ ചെയ്യാതെ പിന്നീട് വല്ല സിനിമയിലും അഭിനയിക്കാന്‍ പോയിട്ട് കെട്ടിപ്പിടിക്കുകയോ ഉമ്മ കൊടുക്കുകയോ ചെയ്താല്‍ ഞാന്‍ അന്ന് വന്ന് നിന്നെ തല്ലുമെന്ന്’, വിനീതേട്ടന്‍ പറഞ്ഞിരുന്നു. അന്നദ്ദേഹം അമ്മയുടെ മുന്നില്‍ വച്ചാണ് ഇക്കാര്യം പറയുന്നത്.
അത് കഴിഞ്ഞുള്ള പടത്തിലെല്ലാം കെട്ടിപ്പിടിക്കലും ഉമ്മ കൊടുക്കലുമൊക്കെയുണ്ടെന്ന് ശിവദ പറയുന്നു. മഴ പാട്ടില്‍ അഭിനയിച്ചത് സുധി എന്ന് പറയുന്നൊരു ചേട്ടനാണ്. ശരിക്കും രണ്ടാളും രണ്ട് അതിര്‍ത്തിയില്‍ നിന്നിട്ടാണ് അതില്‍ കെട്ടിപ്പിടിക്കുന്ന സീനൊക്കെ എടുത്തിരിക്കുന്നത്. തൊട്ടും തൊടാതെയുമൊക്കെയായിട്ടാണ് അന്നഭിനയിച്ചത്. ഇന്നത് കാണുമ്പോള്‍ ചമ്മലാണ് തോന്നുന്നതെന്ന്’, നടി പറയുന്നു.
ആ സമയത്താണ് വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമ റിലീസിനെത്തുന്നത്. ആ സിനിമ കണ്ടിട്ട് തൃഷയ്‌ക്കോ എങ്ങനെയാണ് ചെയ്‌തേക്കുന്നതെന്ന് നീ കണ്ട് പഠിക്ക്, എന്നൊക്കെ പുള്ളി എന്നോട് പറഞ്ഞിരുന്നതായി ശിവദ വ്യക്തമാക്കുന്നു. മാത്രമല്ല വിനീതേട്ടന്‍ ഇപ്പോഴും എനിക്കൊരു ഏട്ടന്റെ സ്ഥാനത്തുള്ള ആളാണ്. അമ്മയ്‌ക്കൊക്കെ ഇപ്പോഴും വലിയ ഇഷ്ടമാണ്. ഇടയ്ക്ക് ഞാന്‍ വിളിച്ചിട്ട് ഇപ്പോള്‍ കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയുമൊക്കെ ചെയ്യുന്നതിനെ പറ്റി പുള്ളിയോട് സംസാരിക്കാറുണ്ടെന്നും ശിവദ പറയുന്നു.