CrimeKeralaNews

ജോജുവിനെ ആക്രമിച്ചത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള സംഘം: നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

കൊച്ചി:ഇന്ധന വിലവര്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നടന്‍ ജോജു ജോര്‍ജിനെ ആക്രമിക്കുകയും വാഹനനം തള്ളി തകർക്കുകയും ചെയ്ത കേസിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ജോജുവിന്റെ പരാതിയില്‍ മരട് പോലീസ് ആണ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്.

ടോണി ചമ്മിണി ഉള്‍പ്പെടുന്ന സംഘം വാഹനം തടയുകയും ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറയുയുകയുമായിരുന്നു. പ്രതികള്‍ക്കെതിരേ പിഡിപിപി ആക്ട് സെക്ഷന്‍ 5 ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.പെട്രോള്‍ വിലവര്‍ധനവിനെതിരെ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിൽ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ സമരം. മണിക്കൂറുകൾ നീണ്ട സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു. തുടർന്ന് കൂടുതൽ ആളുകൾ ജോജുവിനൊപ്പം പ്രതിഷേധവുമായി രംഗത്ത് വന്നു.

ഇതോടെ സമരക്കാർ ജോജുവിന്റെ വാഹനം തകര്‍ക്കുകയും നടനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലുകൾ അക്രമികള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ജോജുവിന് നേരേ കൈയേറ്റശ്രമവുമുണ്ടായതിനെ തുടര്‍ന്ന് പോലീസുകാര്‍ വാഹനത്തില്‍ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കുകയായിരുന്നു.

രാഷ്ട്രീയം നോക്കിയല്ല കോൺഗ്രസിന്റെ സമരത്തിനെതിരേ പ്രതിഷേധിച്ചതെന്നും ഷോ കാണിക്കാനായി ഇറങ്ങിയതല്ലെന്നും നടൻ ജോജു ജോർജ് പ്രതികരിച്ചിരുന്നു.റോഡ് ഉപരോധിച്ചവരോടുള്ള പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. അത് അംഗീകരിക്കുന്നവർക്ക് അംഗീകരിക്കാം. കേസ് കൊടുക്കേണ്ടവർക്ക് കൊടുക്കാം. താനതിനെ നേരിടും, ഒരു പേടിയുമില്ല. ഇത് സിപിഎം ചെയ്താലും പറയേണ്ടെയെന്നും ജോജു ജോർജ് ചോദിച്ചു.കേരള ഹൈക്കോടതി വിധി പ്രകാരം പൂർണമായും റോഡ് ഉപരോധിക്കരുതെന്ന് നിയമം നിലനിൽക്കുണ്ട്. എന്റെ വണ്ടിയുടെ അടുത്ത് ഉണ്ടായിരുന്നത് കീമോതെറാപ്പിക്ക് കൊണ്ടുപോകുന്ന ഒരു കൊച്ചുകുട്ടിയായിരുന്നു. വണ്ടിയുടെ മുന്നിലും പിന്നിലും എസി ഇടാതെ വിയർത്തു കുളിച്ച് കുറേപേർ ഇരിക്കുന്നു. ഇതിനേ തുടർന്നാണ് അവിടെ പോയി ഇത് പോക്രിത്തരമാണെന്ന് പറഞ്ഞത്.

പ്രതിഷേധം കോൺഗ്രസ് പാർട്ടിയോടോ മുഴുവൻ കോൺഗ്രസ് പ്രവർത്തകരോടോ അല്ല.റോഡ് ഉപരോധിച്ചവരോട് മാത്രമാണ്. എന്റെ അപ്പനേയും അമ്മയേയും തെറി വിളച്ചത് കോൺഗ്രസിന്റെ പ്രധാന നേതാക്കളാണ്. അവർക്ക് എന്നെ തെറിവിളിക്കാം, ഇടിക്കാം. അപ്പനും അമ്മയും എന്ത് ചെയ്തു? അപ്പനും അമ്മയ്ക്കും ഈ പ്രായത്തിലും ഞാൻ കാരണം അവിടെ നിന്ന് തെറി കേൾക്കേണ്ടിവന്നു. അതിനുശേഷം മദ്യപിച്ചിട്ടുണ്ടെന്ന് പരാതി നൽകി. ശരിയാണ് ഞാൻ മദ്യപിച്ചിരുന്നയാളാണ്. പക്ഷേ ഇപ്പോൾ മദ്യപിച്ചിട്ടില്ല.

അവിടെ കൂടിയവർക്ക് എതിരേ മാത്രമാണ് പറഞ്ഞത്. ഇത് ഒരുതരത്തിലും കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ഏറ്റെടുക്കേണ്ടതില്ല. എന്റെ അമ്മ ഒരു കോൺഗ്രസുകാരിയാണ്. ഇത് കുറച്ച് വ്യക്തികളുമായി ഉണ്ടായ പ്രശ്നമാണ്. അവർ ചെയ്തത് ശരിയല്ലെന്നതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. സിനിമാ നടനാണ് എന്നത് വിടുക. സിനിമാ നടനാണ് എന്നതുകൊണ്ട് എനിക്ക് പറയാൻ പാടില്ലെന്നുന്നുണ്ടോ? ഞാൻ സഹികെട്ടിട്ടാണ് പറഞ്ഞത്. ഇത് രാഷ്ട്രീയവൽക്കരിക്കരുത്. ഇതിന്റെ പേരിൽ ഇനിയൊരു ചർച്ചയ്ക്ക് താല്പര്യമില്ല. എനിക്കിതൊരു ഷോ അല്ല.

സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്നും ജോജു പറഞ്ഞു. ഒരു കാര്യത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ഉടൻ വന്ന പ്രതികരണം സ്ത്രീകളോട് മോശമായി പെരുമാറി എന്നാണ്. എനിക്കൊരു മോളുണ്ട്, അമ്മയുണ്ട്, പെങ്ങളുണ്ട്. ഇവരെയെല്ലാം പൊന്നുപോലെ നോക്കുന്നയാളാണ്. കേരളത്തിലെ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. പെരുമാറിയെന്നാണ് അവർ പറയുന്നത്. ഒരു ചേച്ചിയൊക്കെ എന്റെ കാർ തല്ലിപ്പൊളിക്കുകയാണ്. അവർ ചിന്തിക്കണം അവരെന്താണ് ചെയ്യുന്നതെന്ന്.

ഞാൻ പെട്ടുപോയി.കള്ളുകുടിച്ചില്ലന്ന് തെളിയിക്കേണ്ടിവന്നു.ഇന്ധനവില വർധനവ് വലിയ പ്രശ്നമാണ്. ആ സമരരീതിയെ മാത്രമാണ് എതിർത്തത്. റോഡിൽ വണ്ടി നിർത്തിയിട്ട് അവർ സെൽഫി എടുക്കുകയാണ്. പോലീസിനോട് ചോദിച്ചപ്പോൾ അവർ പറഞ്ഞാൽ പോലും കേൾക്കില്ലെന്നാണ് പറഞ്ഞത്. എന്ത് വ്യവസ്ഥയിലാണിത്. നല്ല പണികിട്ടി, നാണം കെട്ടു. തന്നെ ഉപദ്രവിച്ചതിനും അധിക്ഷേപിച്ചതിനും വാഹനം തല്ലി തകർത്തതിനും പരാതി നൽകേണ്ടെ എന്നും ജോജു ചോദിച്ചു.

കോൺഗ്രസിന്റെ ഉപരോധ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്ത സംഭവം പാർട്ടി അന്വേഷിക്കുമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.’സംഭവം പാർട്ടി അന്വേഷിക്കുമെന്നാണ് തോന്നുന്നത്.അന്വേഷിക്കുക തന്നെ ചെയ്യും. പക്ഷെ സമരത്തിന് ആധാരമായ കാര്യമെന്താണെന്ന് മനസിലാക്കണം. ഇന്നും പാചക വാതകത്തിന്റെ വിലകൂട്ടി. രാജ്യത്ത് കോൺഗ്രസ് ഒരുപാട് സമരങ്ങൾ നടത്തിയിട്ടുണ്ട്. വരുന്ന 14 മുതൽ 29 വരെ ദേശീയ തലത്തിൽ പ്രക്ഷോഭം നടത്തുകയാണ്. പക്ഷെ മോദി സർക്കാർ ഇതൊന്നും കേൾക്കുന്നില്ല. ഓരോ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കൂട്ടിക്കൊണ്ടിരിക്കുന്നു. അതേക്കുറിച്ച് ചർച്ച വേണ്ടേ ? സമര മാർഗങ്ങളെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടാകാം. പക്ഷെ പ്രതിഷേധ സ്വരങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറല്ല’ – അദ്ദേഹം പറഞ്ഞു.

ജോജുവിനെ ക്രിമിനൽ എന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വിശേഷിപ്പിച്ചത്. സമരക്കാർക്കു നേരെ പാഞ്ഞടുത്ത ജോജുവിനെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.മുണ്ടും മാടിക്കെട്ടി സമരക്കാർക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോർജ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോർജിനെതിരേ പോലീസ് നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താൻ സാധിക്കുന്ന നടപടി ആയിരിക്കണം അതെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

ഗതാഗതം തടസ്സപ്പെടുത്തി കോൺഗ്രസ് നടത്തിയ സമരത്തിനെതിരേ നടൻ ജോജു നടത്തിയ പ്രതിഷേധവും, പിന്നാലെ ജോജുവിനെതിരേ ഉണ്ടായ പ്രതിഷേധവും ആക്രമണവുമാണ് വാർത്തകളിൽ നിറയുന്നത്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പൊതുജന ജീവിതത്തെ ബാധിക്കുന്ന വഴിതടയൽ സമരത്തെ ചോദ്യം ചെയ്തത് ഉചിതമായ നടപടിയാണെന്ന് ചിലർ പ്രതികരിക്കുമ്പോൾ താരം ചെയ്തതത് ശരിയായില്ലെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

നടൻ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പോലീസിൽ പരാതി നൽകി. ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും നടത്തി. ഇതിനിടെ യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിന്റെ പഴയൊരു ഫെയ്സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി രംഗത്തെത്തിയിരിക്കുകയാണ് സൈബർ ലോകം. വഴിതടഞ്ഞുള്ള സിപിഎം സമരത്തെ ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് പിന്തുണ അർപ്പിച്ച് ഷാഫി ഇട്ട പോസ്റ്റാണ് ഇപ്പോൾ കോൺഗ്രസിനെ തിരിഞ്ഞുകൊത്തുന്നത്.

2013ലായിരുന്നു സംഭവം. സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെ് ഇടത് മുന്നണി നടത്തിയ സമരത്തിനെതിരേയാണ് സന്ധ്യ എന്ന വീട്ടമ്മ പരസ്യമായി പൊട്ടിത്തെറിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപത്തെ താമസക്കാരിയായിരുന്നു സന്ധ്യ. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി നടത്തുന്ന സിപിഎം സമരത്തെ ചോദ്യം ചെയ്ത സന്ധ്യ അന്ന് വാർത്തകളിലേയും സോഷ്യൽ മീഡിയയിലേയും താരമായിരുന്നു. അന്ന് സന്ധ്യയ്ക്ക് പിന്തുണ അറിയിച്ചാണ് ഷാഫി പറമ്പിൽ പോസ്റ്റിട്ടത്.

‘പൊതുജനങ്ങളെ വഴി തടഞ്ഞുള്ള സമരത്തെ ചങ്കൂറ്റത്തോടെ എതിർത്ത ഈ സഹോദരിക്കു അഭിനന്ദങ്ങൾ ആശംസകൾ’ എന്നായിരുന്നു ഷാഫിയുടെ പോസ്റ്റ്. വഴിതടഞ്ഞുള്ള കോൺഗ്രസ് സമരത്തെ ചോദ്യം ചെയ്തതിന് നടൻ ജോജുവിനെതിരേയുള്ള പ്രതിഷേധവും സൈബർ ആക്രമണവും കൊടുംപിരി കൊള്ളുമ്പോൾ ഷാഫിയുടെ ഇതേ പോസ്റ്റാണ് സൈബർ ലോകം കുത്തിപ്പൊക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവിന്റെ പോസ്റ്റുകളുടെ കമന്റ് ബോക്സിൽ ട്രോളുകളും പൊങ്കാലകളും ആരംഭിച്ചുകഴിഞ്ഞു.

സന്ധ്യയ്ക്ക് സല്യൂട്ട് നൽകിയത് പോലെ ജോജുവിന് സല്യൂട്ട് ഇല്ലേ എന്നാണ് പലരും ചോദിക്കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം നിങ്ങൾക്ക് ഉണ്ടെങ്കിൽ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കും ഉണ്ട്. ജോജുവിനൊപ്പം എന്നായിരുന്നു ഒരാളുടെ കമന്റ്. ജോജുവിനെതിരെ പ്രസ്താവന നടത്തിയ കെ സുധാകരന്റെ പോസ്റ്റിന് താഴെയും ജോജുവിനെ പിന്തുണച്ചുളള കമന്റുകളുണ്ട്.

ഇന്ധനവില വർധനവിനെതിരേ തിങ്കളാഴ്ച രാവിലെ വൈറ്റിലയിലായിരുന്നു വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് കോൺഗ്രസുകാർ സമരം നടത്തിയത്. ഇതോടെ വൈറ്റില മുതൽ വാഹനങ്ങളുടെ നീണ്ടനിരയായി. ആശുപത്രി, ഓഫീസ് ആവശ്യങ്ങൾക്കായി പോകുന്നവർ നടുറോഡിൽ കുടുങ്ങി. ഇതിനിടെയാണ് നടൻ ജോജു ജോർജ് അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഗതാഗതക്കുരുക്കിൽപ്പെട്ട ജോജു വാഹനത്തിൽനിന്നിറങ്ങി കോൺഗ്രസ് പ്രവർത്തകരോട് രോഷാകുലനായി പ്രതിഷേധിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളമായി ആളുകൾ കഷ്ടപ്പെടുകയാണെന്നും താൻ ഷോ കാണിക്കാൻ വന്നതല്ലെന്നും ജോജു ആവർത്തിച്ചുപറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോട് ചോദ്യങ്ങൾ ചോദിക്കണമെന്നും നടൻ മാധ്യമപ്രവർത്തകരോടും പ്രതികരിച്ചു. ഇതേസമയം, കാശുണ്ടായത് കൊണ്ടാണ് ജോജു ജോർജ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. താൻ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ജോജു നൽകിയ മറുപടി. എന്നാൽ ഇതിനുപിന്നാലെ സംഭവസ്ഥലത്ത് കൈയാങ്കളിയും സംഘർഷാവസ്ഥയും ഉടലെടുക്കുകയായിരുന്നു.

ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ല് ചിലർ അടിച്ചുതകർത്തു. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി.തുടർന്ന് പോലീസുകാർ ജോജുവിന്റെ വാഹനത്തിൽ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്. പോലീസ് സംരക്ഷണയിൽ ജോജുവിനെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker