KeralaNews

നിപ: 16 പേരുടെ ഫലം കൂടി നെഗറ്റീവ്, ഇതുവരെ ആകെ 58 സാമ്പിളുകള്‍ നെഗറ്റീവായി

കോഴിക്കോട്: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.

ഇന്ന് മൂന്ന് പേര്‍ അഡ്മിറ്റായിട്ടുണ്ട്. ആകെ 21 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളെജുകളിലായി അഡ്മിഷനിലുള്ളത്. ഇവരില്‍ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.ഇന്ന് പുതുതായി 12 പേരെയാണ് സെക്കന്ററി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഇതോടെ ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളില്‍ പനി സര്‍വെ നടത്തി.

ആകെ 26,431 വീടുകളിലാണ് ഇതുവരെ സര്‍വ്വെ നടത്തിയത്. നാളെ യോടെ എല്ലാ വീട്ടുകളിലും സര്‍വ്വെ പൂര്‍ത്തിയാക്കാനാവും. 224 പേര്‍ക്ക് ഇന്ന് മാനസിക പിന്തുണക്കായി കൗണ്‍സലിങ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിപ സംബന്ധിച്ച് സമൂഹമാധ്യമങ്ങള്‍ വഴി തെറ്റിദ്ധാരണ പരത്തുന്നതിനെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുജനാരോഗ്യനിയമത്തിലെയും സൈബര്‍ നിയമത്തിലെയും വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കാന്‍ ജില്ലാപൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ നേരിടാന്‍ ജില്ലയിലെ ജനങ്ങള്‍ നല്‍കിയ സഹകരണം എടുത്തുപറയേണ്ടതാണെന്നും മാധ്യമങ്ങള്‍ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

നിപയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ കോബ്രഗഡെ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിപ ഐസൊലേഷൻ വാർഡും കഴിഞ്ഞ ദിവസം പുനെയിൽ നിന്ന് എത്തിയ ബയോ സേഫ്റ്റി ലെവൽ-3 മൊബൈൽ ലാബും അദ്ദേഹം സന്ദർശിച്ചു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ കെ ജി സജിത്ത് കുമാർ, ഉന്നത ഉദ്യോഗസ്ഥർ, വകുപ്പ് മേധാവികൾ എന്നിവരുമായി ചർച്ച നടത്തി. അതിനിടെ, മൊബൈൽ ലാബിൽ സ്രവ പരിശോധനക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker