ആലപ്പുഴ: നവകേരള സദസ്സ് എത്തുന്നതിനാൽ കായംകുളം മണ്ഡലത്തിൽ ഗതാഗത നിയന്ത്രണം. ഡിസംബർ 16ന് പകൽ 11 മണിക്ക് കായംകുളം എൽമെക്സ് ഗ്രൗണ്ടിൽ നടക്കുന്ന നവകേരള സദസ്സിനോടനുബന്ധിച്ച് രാവിലെ 9 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണെന്ന് യു പ്രതിഭ എംഎൽഎ അറിയിച്ചു.
ഗതാഗത നിയന്ത്രണം അടൂർഭാഗത്തു നിന്നും കെ പി റോഡ് വഴിവരുന്ന എല്ലാ വാഹനങ്ങളും രണ്ടാം കുറ്റിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മുക്കട വഴി ദേശീയപാതയിൽ കയറി പോകേണ്ടതാണ്. കെ പി റോഡ് വഴി പോകേണ്ട ദേശീയപാത വഴി വരുന്ന വാഹനങ്ങൾ മുക്കട ജംങ്ഷനിൽ നിന്നും തിരിഞ്ഞ് രണ്ടാം കുറ്റിയിൽ എത്തി കെ പി റോഡ് വഴി പോകേണ്ടതാണ്.
കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ പാർക്ക് ജംങ്ഷൻവരെയും ആര്യാസ് ജംങ്ഷൻ മുതൽ മേടമുക്ക് വരെയുമുള്ള റോഡുകളിൽ ഇരുചക്ര വാഹനങ്ങളുൾപ്പെടെയുള്ള വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല. നവകേരള സദസ്സിൽ പങ്കെടുക്കാനെത്തുന്നവരുമായി വരുന്ന വാഹനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിൽ നിന്നും വലിയ വാഹനങ്ങൾ കായംകുളം പോലീസ് സ്റ്റേഷന് സമീപം ആളിനെ ഇറക്കിയശേഷം റെയിൽവേ സ്റ്റേഷന് സമീപമുള്ള നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ പാർക്ക് ചെയ്യേണ്ടതാണ്.
കണ്ടല്ലൂർ, പത്തിയൂർ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള വാഹനങ്ങൾ കെഎസ്ആർടിസി ബസ് സ്റ്റൻഡിന് സമീപം ആളുകളെ ഇറക്കിയശേഷം കമലാലയം മുതൽ കുന്നത്താലും മൂട് ജംങ്ഷൻവരെ ദേശീയപാതയുടെ പടിഞ്ഞാറ് വശത്ത് പാർക്ക് ചെയ്യണം.
ഭരണിക്കാവ് ഗ്രാമപഞ്ചായത്തിൽ നിന്നും കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ നിന്നും കെ പി റോഡുവഴി വരുന്ന വാഹനങ്ങൾ പാർക്ക് ജംങ്ഷന് സമീപം ആളുകളെ ഇറക്കിയശേഷം കമലാലയം മുതൽ കുന്നത്താലും മൂട് ജംങ്ഷൻവരെ ദേശീയപാതയുടെ പടിഞ്ഞാറ് വശത്ത് പാർക്ക് ചെയ്യണം.
ദേവികുളങ്ങര, കൃഷ്ണപുരം ഗ്രാമപഞ്ചായത്തുകളിൽ നിന്നും ദേശീയപാത വഴി വരുന്ന വാഹനങ്ങൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് തെക്കുവശം ആളുകളെ ഇറക്കിയ ശേഷം ഒ.എൻ.കെ. ജംഗ്ഷൻ മുതൽ കൊറ്റുകുളങ്ങര ജംഗ്ഷൻ വരെ ദേശീയപാതയുടെ പടിഞ്ഞാറ് വശത്ത് പാർക്ക് ചെയ്യണം. എരുവ ഭാഗത്തു നിന്നും മാർക്കറ്റ് വഴി വരുന്ന വാഹനങ്ങൾ പാർക്ക് ജംഗ്ഷനിൽ ആളെ ഇറക്കിയ ശേഷം കദീശ പള്ളി അങ്കണത്തിലും റെയിൽവേ സ്റ്റേഷൻ റോഡിലുമായി പാർക്ക് ചെയ്യണം.
നവകേരള സദസ്സിൽ പങ്കെടുക്കുന്നതിനായി വരുന്ന ചെറിയ വാഹനങ്ങൾ മുനിസിപ്പൽ ജംഗ്ഷനിൽ ആളെ ഇറക്കിയ ശേഷം പുതിയിടം ക്ഷേത്രത്തിന് കിഴക്കു വശം പാർക്കു ചെയ്യണം. നവകേരള സദസ്സിൽ പങ്കെടുക്കുന്നതിനായി വരുന്ന ഇരുചക്ര വാഹനങ്ങൾ കായംകുളം ബോയ്സ് ഹയർ സെക്കൻഡറി, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനം എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം.