നേപ്പാള്‍ ഭൂചലനത്തില്‍ മരണം 95 കടന്നു; 130ലേറെ പേര്‍ക്ക് പരിക്ക്; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു
കാഠ്മണ്ഡു: നേപ്പാള്‍ – ടിബറ്റ് അതിര്‍ത്തിയിലുണ്ടായ കനത്ത ഭൂകമ്പത്തില്‍ മരണസംഖ്യ 95 കടന്നു. 130-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിഹാര്‍, അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
രാവിലെ 6.30ഓടെയാണ് 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യ പ്രകമ്പനമുണ്ടായത്. ഇതിനു പിന്നാലെ ഏഴ് മണിക്ക് ശേഷം 4.7, 4.9 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചനങ്ങള്‍ കൂടി ഉണ്ടായതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. നേപ്പാളിലെ ലൊബൂചെയില്‍ നിന്നും 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ചൈനയിലെ ഷിഗാറ്റ്സേ പട്ടണത്തിലെ ടിങ്കറി കൗണ്ടിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ടിബറ്റിന്റെ തലസ്ഥാനത്തുനിന്ന് 400 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ടിങ്കറി നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന മേഖല കൂടിയാണ്. എവറസ്റ്റ് സന്ദര്‍ശിക്കാനെത്തുന്നവരുടെ പ്രധാന ടൂറിസം കേന്ദ്രം കൂടിയാണ് ടിങ്കറി കൗണ്ടി.
നേപ്പാളിന്റെ ഭൂപ്രകൃതിയാണ് അടിക്കടി നേപ്പാളില്‍ ഭൂചലനത്തിന് കാരണമാകുന്നത്. 2015-ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 9,000 പേര്‍ മരിക്കുകയും 22,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ പലയിടത്തും കെട്ടിടങ്ങള്‍ കുലുങ്ങി. ബിഹാറിലും അസമിലും ബംഗാളിലും ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടു.