നെഹ്റുട്രോഫി വള്ളംകളി, ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിൽ അഞ്ച് ഹീറ്റ്സ് പൂർത്തിയായി; ഇനി തീപാറും ഫൈനൽ
ആലപ്പുഴ: പുന്നമടക്കായലിനെ ആവേശത്തിമിര്‍പ്പിലാക്കി ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലിലേക്ക് തുഴയെറിയാന്‍ നാല് വള്ളങ്ങള്‍ യോഗ്യത നേടി. അഞ്ച് ഹീറ്റ്‌സിലായി ഏറ്റവും മികച്ച സമയം കുറിച്ച 4 ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടിയത്. വീയപുരം ചുണ്ടൻ, നടുഭാഗം ചുണ്ടൻ, കാട്ടില്‍ തെക്കെതിൽ ചുണ്ടൻ, ചമ്പക്കുളം ചുണ്ടന്‍ എന്നിവർ ഫൈനലിലേക്ക് യോഗ്യത നേടിയത്.
ആദ്യ ഹിറ്റ്‌സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും നിന്ന് രണ്ടാം ഹിറ്റ്‌സില്‍ യൂബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനും മൂന്നാം ഹീറ്റ്‌സില്‍ കേരള പൊലീസ് ക്ലബ് തുഴഞ്ഞ മഹാദേവി കാട് കാട്ടില്‍ തെക്കെതിലും നാലാം ഹിറ്റ്‌സില്‍ തലവടി ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ തലവടി ചുണ്ടന്‍ അഞ്ചാം ഹീറ്റ്‌സില്‍ എൻസിഡിസി നിരണം ചുണ്ടന്‍ എന്നിവര്‍ ഒന്നാമതെത്തി.
ഉച്ചക്ക് രണ്ട് മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പകരം മന്ത്രി സജി ചെറിയാൻ ജലമാമാങ്കം ഉദ്ഘാടനം ചെയ്തു. പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഇറക്കാനാകില്ലെന്നതിനാലാണ് മുഖ്യമന്ത്രി വള്ളംകളിക്കെത്താതിരുന്നത്.