‘നയൻതാര: ബിയോണ്ട് ദി ഫെയ്റി ടേൽ’ എത്തി;താരത്തിന് നെറ്റ്ഫ്ലിക്സിന്റെ പിറന്നാൾ സമ്മാനം
ചെന്നൈ:ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി സ്ട്രീമിംഗ് ആരംഭിച്ചു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിംഗ്. നയൻതാരയുടെ ജന്മദിനത്തിലാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്.
ധനുഷ്- നയൻതാര വിവാദങ്ങൾക്ക് കാരണമായ ‘നാനും റൗഡി താൻ ‘സിനിമയുടെ അണിയറദൃശ്യങ്ങളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെറ്റിൽ വിഘ്‌നേഷ് താരങ്ങൾക്ക് നിർദേശം നൽകുന്നതും നയൻതാരയോട് സംസാരിക്കുന്നതും കാണാനാകും. ചിത്രത്തിന്റെ ബിടിഎസ് ദൃശ്യങ്ങളും നിർമാതാവിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അങ്ങനെ തുറന്നുപറയാത്ത വ്യക്തിയാണ് നയൻതാര. അതെല്ലാം ഉൾക്കൊള്ളിച്ചാണ് ഇപ്പോൾ ഡോക്യുമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്. സിനിമാതാരം, ലേഡി സൂപ്പർസ്റ്റാർ, മകൾ, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിത വേഷങ്ങൾ വീഡിയോയിൽ കാണാനാകും.
2022ൽ ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. 2015ൽ റിലീസ് ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിലാണ് വിഘ്നേഷും നയൻസും ഒന്നിച്ചത്. ഇവിടെ വച്ച് ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിവാഹ വീഡിയോ പുറത്തുവന്നിരിക്കുന്നത്. 2022 ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഉലഗം, ഉയിര്‍ എന്നീ ഇരട്ട കുട്ടികളെ ഈ ദമ്പതികള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.
നവംബര്‍ 16ന് ആണ് ധനുഷിനെതിരെ നയന്‍താര പരസ്യമായി രംഗത്ത് എത്തിയത്. നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര പറഞ്ഞിരുന്നു. ചിത്രത്തിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്ന് നയൻതാര പറഞ്ഞിരുന്നു.