FeaturedHome-bannerNationalNews

നായിഡുവും നിതീഷും പിന്തുണ എഴുതി നൽകി, മൂന്നാം എൻ ഡി എ സർക്കാരിനെ നരേന്ദ്ര മോദി തന്നെ നയിക്കും

ന്യൂഡൽഹി: സ‌ർക്കാർ രൂപീകരണ ചർച്ചയുടെ ഭാഗമായി ചേർന്ന എൻഡിഎ യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്ത് എൻഡിഎ സഖ്യം. മൂന്നാംവട്ടവും പ്രധാനമന്ത്രിയായി മോദി ശനിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ ഡി എ സംഘം വൈകാതെ രാഷ്‌ട്രപതിയെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിക്കും.

മോദി, അമിത് ഷാ, ജെ. പി നദ്‌ദ. ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരാണ് രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണുക. ജൂൺ ഏഴിനാകും ഇവർ രാഷ്‌ട്രപതിയെ കാണുകയെന്നാണ് അടുത്ത കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. അതേസമയം തെലുങ്ക് ദേശം പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാർ എന്നിവർ പിന്തുണ എഴുതി നൽകിയതായാണ് വിവരം.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർ‌ച്ചകൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്‌ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ നേതൃത്വം നൽകാനാണ് സാദ്ധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. എൻഡിഎ സഖ്യത്തിന് ആകെ 543ൽ 294 സീറ്റുകളാണ് വിജയിക്കാനായത്. ഇന്ത്യയിൽ മൂന്നാം തവണയും അധികാരം നിലനിറുത്തുന്ന രണ്ടാമത്തെ നേതാവാകും മോദി.

ഇതിനുമുമ്പ് ജവഹർലാൽ നെഹ്രുവിന് മാത്രമാണ് ആ നേട്ടം സ്വന്തമാക്കാനായത്. ഇന്നലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭയുടെ യോഗം ചേർന്നിരുന്നു. ഇതിൽ അടുത്ത സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചചെയ്തിരുന്നു.

നാനൂറു സീറ്റ് നേടുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ബിജെപി ലോക്സഭ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് തന്നെ അടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തുന്ന വേദി അലങ്കരിക്കുന്നതിന് ആവശ്യമായ ചെടികളും പൂക്കളും വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ ക്ഷണിച്ചിരുന്നു എന്നും 21.97 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായിരുന്നു ടെൻഡർ എന്നായിരുന്നു റിപ്പോർട്ട്. ഔദ്യോഗിക സത്യപ്രതിജ്ഞ നടക്കുന്ന അതേ ദിവസം തന്നെ ഭാരത് മണ്ഡപത്തിലോ കർത്തവ്യ പാതയിലോ ബിജെപിയുടെ രാഷ്ട്രീയ പരിപാടി നടക്കുമെന്നും സൂചനകളുണ്ടായിരുന്നു.

രാജ്യത്തുടനീളമുള്ള പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എംപിമാരുടെ യാത്ര, വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ട്രാൻസിറ്റ് പോയിന്റുകളിലെ വരവ്, താമസ സൗകര്യം എന്നിവ സുഗമമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ലോക്സഭാ സെക്രട്ടേറിയറ്റ് നടത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker