കൊച്ചി: ക്രിസ്മസ് പുതുവത്സര അവധി പ്രമാണിച്ച് കേരളത്തിലേക്ക് പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിനിന്‍റെ ഷെഡ്യൂൾ പുറത്തുവിട്ട് സതേൺ റെയിൽവേ. മുബൈ ലോകമാന്യ തിലക് ടെർമിനസ് സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും (കൊച്ചുവേളി) തിരിച്ചും നാലുവീതം സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ 13 സ്റ്റോപ്പുകളുമായാണ് സ്പെഷ്യൽ ട്രെയിനിന്‍റെ സർവീസ്. ക്രിസ്മസ് അവധിയ്ക്കും ന്യൂഇയറിനും നാട്ടിലേക്ക് വരാനുദ്ദേശിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന ട്രെയിനാണിത്. ഷെഡ്യൂളും സ്റ്റോപ്പുകളും വിശദമായി അറിയാം
01463 ലോകമാന്യതിലക് ടെർമിനസ് – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ ഡിസംബർ 19, 26, ജനുവരി 02, 09 തീയതികളിൽ (വ്യാഴാഴ്ചകളിൽ) വൈകീട്ട് നാല് മണിയ്ക്ക് പുറപ്പെട്ട് പിറ്റേന്ന് രാത്രി 10:45 ന് തിരുവനന്തപുരത്തെത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
താനെ, മഡ്ഗാവ്, ഉഡുപ്പി, മംഗളൂരു ജങ്ഷൻ സ്റ്റേഷനുകൾ പിന്നിട്ട് കേരളത്തിലേക്കെത്തുന്ന ട്രെയിൻ വെള്ളിയാഴ്ചകളിൽ രാവിലെ 10:29നാണ് കാസർകോട് എത്തുക. തുടർന്ന് കണ്ണൂർ 11:27, കോഴിക്കോട് 01:12, തിരൂർ 01:18, ഷൊർണൂർ 03:00, തൃശൂർ 03:57, എറണാകുളം 05:30, കോട്ടയം 06:42, തിരുവല്ല 07:14, ചെങ്ങന്നൂർ 07:27, മാവേലിക്കര 07:39, കായംകുളം 07:50, കൊല്ലം 08:38 സ്റ്റേഷനുകൾ പിന്നിട്ടാണ് രാത്രി 10:45ന് തിരുവനന്തപുരം നോർത്തിലെത്തുക.
മടക്കയാത്ര 01464 തിരുവനന്തപുരം നോർത്ത് – ലോകമാന്യ തിലക് സ്പെഷ്യൽ ട്രെയിൻ ഡിസംബർ 21, 28, ജനുവരി 04, 11 തീയതികളിൽ (ശനിയാഴ്ചകളിൽ) വൈകീട്ട് 04:20നാണ് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുക. മൂന്നാംദിനം അർധരാത്രി 12:45ന് ട്രെയിൻ മുബൈയിലെത്തുന്ന രീതിയിലാണ് സർവീസ്.
കൊല്ലം 05:07, കായംകുളം 05:43, മാവേലിക്കര 05:53, ചെങ്ങന്നൂർ 06:04, തിരുവല്ല, 06:14, കോട്ടയം 07:00, എറണാകുളം 08:40, തൃശൂർ 10:17, ഷൊർണൂർ 11:15, തിരൂർ 12:10, കോഴിക്കോട് 12:37, കണ്ണൂർ 02:00, കാസർകോട് 03:05 എന്നിങ്ങനെയാണ് മടക്കയാത്രയിൽ കേരളത്തിലെ വിവിധ സ്റ്റോപ്പുകളിലെത്തുന്ന സമയം.
രണ്ട് എസി ടു ടയർ കോച്ചുകൾ, ആറ് എസി ത്രീ ടയർ കോച്ചുകൾ, ഒൻപത് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, മൂന്ന് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ ഒരു ഭിന്നശേഷി സൗഹൃദ സെക്കൻഡ് ക്ലാസ് എന്നിങ്ങനെയാണ് സ്പെഷ്യൽ ട്രെയിനിന്‍റെ കോച്ചുകൾ. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്ലീപ്പർ ക്ലാസിന് 885 രൂപയും, 3എ കോച്ചിന് 2250 രൂപയും, 3155 രൂപയുമാണ് ടിക്കറ്റ് നിരക്ക്.