കൊച്ചി:മുളന്തുരുത്തി പെരുമ്പള്ളിയില്‍ വടിവാള്‍ ആക്രമണത്തില്‍ യുവാവ് മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി കളിക്കളം റോഡില്‍ മലേക്കുരിശിനു സമീപം ഇച്ചിരവേലില്‍ ജോജി മത്തായി (24) ആണ് നെഞ്ചിന് വെട്ടേറ്റ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
രണ്ട് ബൈക്കുകളിലായി വടിവാളുമായി എത്തിയ മൂന്നു പേർ അടങ്ങുന്ന സംഘം വീടിനുള്ളില്‍ അതിക്രമിച്ചു കയറി ജോജിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ചെന്ന പിതാവ് മത്തായിയുടെ കാലിനും വെട്ടി.
ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നെഞ്ചിന് വെട്ടേറ്റ ജോജിയുടെ ജീവന് രക്ഷിക്കാനായില്ല. ആക്രമണം നടന്നയുടനെ ബൈക്കും വടിവാളുകളും ഉപേക്ഷിച്ച് ആക്രമികള്‍ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായി. ചോറ്റാനിക്കര സ്വദേശികളായ ശരത്, മിഥുൻ, അതുൽ എന്നിവരാണ് അറസ്റ്റിലായത്.ലഹരി മാഫിയകൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്
പിടിയിലായ അതുൽ,നേരത്തെ ചോറ്റാനിക്കരയിൽ കടത്തിണ്ണയിൽ കിടന്നുറങ്ങിയ ആളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.