കൊച്ചി:വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റസ്. തീയേറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ മികച്ച വിജയം നേടിയ ചിത്രം ഒടിടിയിലെത്തിയപ്പോഴും കയ്യടി നേടിയിരുന്നു. മലയാള സിനിമയിലെ ആസ്ഥാന നന്മക്കാരനായ വിനീതാണ് മുകുന്ദനുണ്ണിയെന്ന യാതൊരു നന്മയുമില്ലാത്ത നായകനായി ചിത്രത്തിലെത്തിയത്.
ഇതിന് പിന്നാലെ ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്ന നടന്‍ ഇടവേള ബാബുവിന്റെ വിമര്‍ശനം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് വിനീത് ശ്രീനിവാസന്‍. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
ബാബു ചേട്ടന്‍ കണ്ടയുടനെ തന്നെ എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫീഡ്ബാക്കും കണ്ടപ്പോഴുണ്ടായ ബുദ്ധിമുട്ടുമൊക്കെ എന്നോട് പറഞ്ഞിരുന്നതാണ്. അതേ കാര്യമാണ് അദ്ദേഹം സ്‌റ്റേജില്‍ പറഞ്ഞതും. അദ്ദേഹത്തിന് അത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ബാബു ചേട്ടന് ഞാനുമായി നല്ല അടുപ്പമുണ്ട്. നേരത്തേ എന്നോട് ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ തന്നെയാണ് അദ്ദേഹം പറഞ്ഞതും എന്നാണ് വിനീത് പറയുന്നത്.
ഈ സിനിമ ചെയ്യുമ്പോള്‍ തന്നെ രണ്ട് രീതിയിലുള്ള പ്രതികരണം വരാം എന്നറിയാമായിരുന്നു. അതിനായി തയ്യാറായിരുന്നു. ഇപ്പോഴത്തെ തലമുറ സിനിമയെ കാണുന്നത് വേറൊരു രീതിയിലാണ്. വെബ് സീരീസുകള്‍ ഒക്കെ വന്നതോടെ കാഴ്ചയുടെ സംസ്‌കാരം തന്നെ മാറിയല്ലോ. കൂടുതല്‍ കണ്ടന്റൊക്കെ കണ്ടവര്‍ക്ക് ഇതിലെ ഡാര്‍ക്ക് ഹ്യൂമറൊക്കെ പെട്ടെന്ന് കിട്ടുമെന്നാണ് വിനീത് പറയുന്നത്.
എന്റെ മൂത്തമ്മയൊക്കെ പോയി കണ്ടിട്ട് വളരെ ബുദ്ധിമുട്ടോടെയാണ് കണ്ടത്. അതുകൊണ്ട് ആ ഫീഡ്ബാക്കുകളൊക്കെ എനിക്ക് മനസിലാകും. അത് പ്രതീക്ഷിച്ചിരുന്നതുമാണ്. പക്ഷെ മാറുന്നൊരു ഓഡിയന്‍സുണ്ട്. മുകുന്ദനുണ്ണി അവര്‍ക്ക് കിട്ടിയിട്ടുണ്ട്. രണ്ടും നമ്മള്‍ പ്രതീക്ഷിച്ചതാണ്. സിനിമ ഇപ്പോഴും ചര്‍ച്ചകളിലുണ്ടല്ലോ. നവംബറില്‍ റിലീസ് ചെയ്ത സിനിമയാണ്. ഇപ്പോള്‍ രണ്ട് മാസമായെന്നും താരം ചൂണ്ടിക്കാണിക്കുന്നു.
ഇപ്പോഴും ആള്‍ക്കാര്‍ മുകുന്ദന്‍ ഉണ്ണിയെക്കുറിച്ച് സംസാരിക്കുകയാണ്. പല സിനിമകളും ഇറങ്ങി ഒരാഴ്ചയായിട്ടും ആരും സംസാരിക്കാതെ വരുമല്ല. അപ്പോള്‍ പല ആള്‍ക്കാര്‍ക്കും വിഷമമാകും. നമ്മളുടെ സിനിമ ഇപ്പോഴും സജീവമായി സംസാരിക്കുന്നുണ്ടല്ലോ എന്നതില്‍ സന്തോഷമുണ്ടെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നുണ്ട്.
മുകുന്ദന്‍ ഉണ്ണി സമൂഹത്തിനൊരു സന്ദേശം നല്‍കുന്നുണ്ടെന്നാണ് വിനീത് പറയുന്നത്. സമൂഹത്തില്‍ ഇത്തരം ആളുകളുണ്ട്. നമ്മള്‍ ജീവിക്കുന്നത് നന്മയുള്ള ആളുകള്‍ മാത്രമുള്ള ലോകത്തിലല്ല. ഇതുപോലെയുള്ള ആളുകളും ചുറ്റിനുമുണ്ട്. അവരെക്കുറിച്ച് ജാഗ്രത വേണമെന്നാണ് വിനീത് പറയുന്നത്. കുട്ടികളോട് നല്ലതിനെക്കുറിച്ച് മാത്രം പറയുകയും, ഒട്ടും യാഥാര്‍തഥ്യമല്ലാത്തൊരു ലോകത്തെക്കുറിച്ചുള്ള സങ്കല്‍പ്പം പകരുകയുമാണ് ചെയ്യുന്നതെന്നാണ് വിനീത് പറയുന്നത്.
പിന്നീട് ഈ കുട്ടികള്‍ പുറം ലോകത്തിലേക്ക് എത്തുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന അനുഭവങ്ങള്‍ അവരെ തളര്‍ത്തുമെന്നും വിനീത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം ആളുകള്‍ നമുക്ക് ചുറ്റുമുണ്ടെന്നും നമ്മള്‍ ബോധവാന്മാരിയിരിക്കണം എന്നും കൂടിയാണ് ചിത്രം കാണുമ്പോള്‍ മനസിലാവുക എന്നാണ് വിനീത് പറയുന്നത്. മുകുന്ദനുണ്ണിയാകാന്‍ വേണ്ടിയല്ല സിനിമയെടുത്തിരിക്കുന്നത്, മറിച്ച് മുകുന്ദനുണ്ണിയെ പോലുള്ളവര്‍ നമുക്ക് ചുറ്റുമുണ്ടെന്ന് പറയാനാണെന്നും താരം പറയുന്നു.
സിനിമ ജീവിതത്തെ ബാധിക്കുമെന്ന് പറഞ്ഞിട്ട് ആര്‍ട്ടിന്റെ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയല്ല വേണ്ടതെന്നും മറിച്ച് എന്താണ് നമ്മള്‍ സ്വീകരിക്കേണ്ടതെന്ന് നമ്മള്‍ തന്നെ തീരുമാനിക്കണമെന്നുമാണ് വിനീത് പറയുന്നത്. താന്‍ രജനീകാന്തിന്റെ വലിയ ആരാധകനാണെങ്കിലും താനിതുവരെ സിഗരറ്റ് വലിച്ചിട്ടില്ലെന്നതും വിനീത് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
തങ്കം ആണ് വിനീതിന്റെ പുതിയ സിനിമ. ബിജു മേനോന്‍, അപർണ ബാലമുരളി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന സിനിമയുടെ ട്രെയിലർ ഇതിനോടകം തന്നെ ചർച്ചയായി മാറിയിരുന്നു.