KeralaNews

‘ലൈവില്‍ എത്തിയത് ജീവന്‍ പണയപ്പെടുത്തി’ നാളത്തെ എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പറുമായി എംഎസ് സൊലൂഷ്യന്‍

കോഴിക്കോട്: നാളത്തെ എസ്എസ് എല്‍സി ക്രിസ്മസ് പരീക്ഷയുടെ കെമിസ്ട്രി ചോദ്യപേപ്പറുമായി യൂട്യൂബ് ചാനലില്‍ എംഎസ് സൊലൂഷ്യന്‍ ലൈവ്. ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരയാക്കിയെന്ന് സ്ഥാപന ഉടമ ഷുഹൈബ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി ഇന്ന് ലൈവില്‍ എത്തിയത് ജീവന്‍ പണയപ്പെടുത്തിയാണെന്നും ഷുഹൈബ് വീഡിയോയില്‍ പറയുന്നു. സ്ഥാപനത്തിനെതിരെ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഷുഹൈബ് വീണ്ടും ലൈവുമായി എത്തിയത്.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ ലൈവില്‍ പരിഹസിച്ച ഷുഹൈബ് എംഎസ് സൊല്യൂഷന്‍ രണ്ട് യൂട്യൂബ് ചാനല്‍ തുടങ്ങുന്നുവെന്ന പ്രഖ്യാപനവും നടത്തി. ”എംഎസ് സൊലൂഷ്യനെ പിന്തുണയ്ക്കാന്‍ കുട്ടികള്‍ മാത്രമേയുള്ളു. ചാനല്‍ ഇവിടെ തന്നെയുണ്ട്. കുട്ടികളാണ് ഈ സ്ഥാപനത്തിന് വണ്‍ മില്യണ്‍ നേട്ടം ഉണ്ടാക്കിതന്നത്. കുട്ടികളാണ് എംഎസ് സൊലൂഷ്യന്റെ ചോറ്. പ്രിയപ്പെട്ട കുട്ടികള്‍ ഇല്ലെങ്കില്‍ എംഎസ് സൊലൂഷ്യന്‍ ഇല്ല’ ഷുഹൈബ് വീഡിയോയില്‍ പറഞ്ഞു.

അതേസമയം, ചോദ്യക്കടലാസ് ചോര്‍ച്ചയില്‍ വിശദീകരണവുമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ രംഗത്തെത്തി. മറ്റു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ വന്ന സാധ്യതാ ചോദ്യങ്ങള്‍ നോക്കിയാണ് വിഡിയോ തയാറാക്കിയതെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. ജീവനക്കാര്‍ ഇന്ന് കൊടുവള്ളിയിലെ സ്ഥാപനത്തില്‍ എത്തിയിരുന്നു.

ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. പരീക്ഷയുടെ തൊട്ടുമുന്‍പത്തെ ദിവസം രാത്രി 7 മണിയോടെ മറ്റുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വിഡിയോ തയാറാക്കിയിരുന്നു. അവയെല്ലാം നോക്കി രാത്രി 12 മണിക്ക് ശേഷമാണ് എംഎസ് സൊല്യൂഷന്‍ വിഡിയോ തയാറാക്കിയത്. അതാണ് ചോദ്യപ്പേപ്പറിലുള്ള കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടാന്‍ കാരണം എന്നാണ് വിശദീകരണം.

ചോര്‍ന്ന ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പറില്‍ ഉണ്ടായിരുന്ന ചോദ്യങ്ങള്‍ മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളില്‍ വന്നതിനേക്കാള്‍ ഇരട്ടി എംഎസ് സൊല്യൂഷന്റെ വിഡിയോയിലാണ് ഉണ്ടായിരുന്നത്. മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സ്ഥാപനത്തിലെ അധ്യാപകന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker