ആലപ്പുഴ: കളര്‍കോട് കാര്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ഇടിച്ച് കയറി ആറു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കാറിന്റെ ഉടമ കാക്കാഴം സ്വദേശി ഷാമില്‍ ഖാനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കിയെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മോട്ടോര്‍ വാഹനവകുപ്പ് സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ നടപടികള്‍ക്കായി കോടതിയില്‍ സമര്‍പ്പിക്കും. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍ രമണനാണ് കേസെടുത്തത്.
ഒന്നിച്ചു പായസം കുടിച്ച പരിചയത്തിലാണ് കാര്‍ കൊടുത്തതെന്നായിരുന്നു അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടശേഷം വാഹനഉടമ ആദ്യം പറഞ്ഞത്. എന്നാല്‍ ഇയാളുടെ വിശദീകരണം അവിശ്വസനീയമെന്ന് പറഞ്ഞ് മോട്ടോര്‍ വാഹനവകുപ്പ് തളളിക്കളഞ്ഞിരുന്നു. വാഹനമോടിച്ച ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി ഗൗരിശങ്കറിന്റെ അക്കൗണ്ടില്‍ നിന്ന് ഷാമില്‍ഖാന്റെ അക്കൗണ്ടിലേക്ക് വാടകയായ 1000 രൂപ ഗൂഗിള്‍ പേ ഇടപാടിലൂടെ കൈമാറ്റം ചെയ്തതായി കണ്ടെത്തി.
പണം കൈമാറിയതു കണ്ടെത്തിയപ്പോള്‍ ഇതു വിദ്യാര്‍ഥികള്‍ക്കു വായ്പയായി നല്‍കിയ പണം തിരിച്ചുനല്‍കിയതാണെന്നായിരുന്നു ഷാമില്‍ ഖാന്റെ വാദം. അപകടത്തില്‍ മരിച്ച കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയുടെ ലൈസന്‍സിന്റെ പകര്‍പ്പ് ഷാമില്‍ ഖാന്‍ സംഘടിപ്പിച്ചത് അപകടം നടന്നതിനു ശേഷമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
സ്വകാര്യ ആവശ്യത്തിനായി റജിസ്റ്റര്‍ ചെയ്ത വാഹനം ടാക്‌സി ആയി ഓടിക്കാനോ വാടകയ്ക്കു നല്‍കാനോ പാടില്ലെന്നാണു നിയമം. നിയമവിരുദ്ധമായി വാടകയ്ക്കു നല്‍കിയ വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ഉടമയ്ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. നിയമവിരുദ്ധമായി സ്വകാര്യവാഹനം വാടകയ്ക്കു നല്‍കുന്നുവെന്നു ഷാമില്‍ഖാനെക്കുറിച്ച് മുന്‍പും പരാതികളുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മരിച്ച വിദ്യാര്‍ഥികളിലൊരാളുടെ ബന്ധുവുമായുള്ള സൗഹൃദത്തിന്റെ പേരിലാണു വാഹനം നല്‍കിയതെന്നും വാടകയ്ക്ക് അല്ലെന്നുമായിരുന്നു ഷാമില്‍ഖാന്റെ വാദം.
ഷാമില്‍ ഖാന്റെ കാര്‍ വാടകയ്ക്കെടുത്ത് സിനിമ കാണാന്‍ പോകുമ്പോളായിരുന്നു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് , എടത്വ പള്ളിച്ചിറ സ്വദേശി ആല്‍വിന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്.
ഡിസംബര്‍ രണ്ടിനായിരുന്നു അപകടം. കാറില്‍ 11 പേരുണ്ടായിരുന്നു ഉണ്ടായിരുന്നത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്നു യുവാക്കള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറിലുണ്ടായിരുന്ന മറ്റ് ആറ് പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്.
തുടര്‍ന്ന് കാര്‍ വാടകയ്ക്കു നല്‍കിയതല്ലെന്ന ഷാമില്‍ ഖാന്റെ വാദം തെറ്റാണെന്നു പൊലീസും മോട്ടര്‍വാഹന വകുപ്പും കണ്ടെത്തിയിരുന്നു. ആര്‍.സി ബുക്ക് റദ്ദാക്കുകയും വകുപ്പിന്റെ പ്രാഥമിക നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നടപടിക്രമങ്ങള്‍ അമ്പലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
കാറുടമ ഷാമില്‍ ഖാന്‍ ഗൂഗിള്‍പേ വഴി പണം അയച്ചുവാങ്ങിയതായി പൊലീസ് കണ്ടെത്തിയെന്ന് ആലപ്പുഴ ആര്‍ടിഒ ദിലു കെ നേരത്തെ വ്യക്തമാക്കിയിരുന്നു. റെന്റ് എ ക്യാബിനുള്ള ലൈസന്‍സ് വാഹന ഉടമയ്ക്ക് ഇല്ല. വാഹന ഉടമയ്‌ക്കെതിരെ വേറെയും പരാതികളുണ്ടെന്ന് ആര്‍ടിഒ പറഞ്ഞു. അനധികൃതമായി വാഹനം റെന്റിന് നല്‍കുന്നു എന്നാണ് പരാതികള്‍. വാഹന ഉടമയ്‌ക്കെതിരെ നടപടി ഉണ്ടാകും. നിയമ വിരുദ്ധമായി റെന്റ് എ ക്യാബ് നല്‍കിയതിനാല്‍ ആര്‍സി ബുക്ക് റദ്ദാക്കും. വാഹന ഉടമയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ഉണ്ടാകുമെന്നും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും ആര്‍ടിഒ കെ ദിലു അറിയിച്ചു.