KeralaNews

കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ കിണറ്റിലിട്ട് കൊന്നത് ഇക്കാരണത്താൽ

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലിട്ട് കൊന്ന സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്. കുടുംബത്തില്‍ നിന്ന് തനിക്ക് ലഭിക്കുന്ന സ്‌നേഹം കുറയുമെന്ന ഭയത്താലാണ് ബന്ധുവായ 12-കാരി കുഞ്ഞിനെ കൊന്നതെന്ന് വളപട്ടണം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) കാര്‍ത്തിക് പറഞ്ഞു. ബന്ധുവായ 12-കാരിയെ സംശയമുള്ളതായി മരിച്ച കുഞ്ഞിന്റെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

'കൃത്യം ചെയ്തത് പുറത്തുനിന്നുള്ള ആളല്ല എന്ന് ഉറപ്പായിരുന്നു. മരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും ബന്ധുവായ 12-കാരിയെ സംശയമുണ്ടായിരുന്നു. 12 വയസുള്ള കുട്ടിക്ക് അസൂയ ഉണ്ടായി. തനിക്ക് കിട്ടേണ്ട സ്‌നേഹം ഇല്ലാതായി പോകുമെന്ന് കുട്ടിക്ക് ആശങ്കയുണ്ടായി. കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.' -എസ്എച്ച്ഒ പറഞ്ഞു.

മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് കാണാതാകുന്നത്. അമ്മയുടെ ബഹളം കേട്ട് സമീപത്തുള്ളവരും ഇവിടേക്കെത്തുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

രാത്രി ഒമ്പതരയോടെ താന്‍ ശൗചാലയത്തില്‍ പോയി തിരികെ വരുമ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നുവെന്നാണ് ബന്ധുവായ 12-കാരി ആദ്യം പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴിയില്‍ അസ്വാഭാവികതയുള്ളതായി പോലീസ് സംശയിച്ചു. പിന്നീട് കുട്ടിയോട് വിശദമായി സംസാരിച്ചപ്പോഴാണ് കൊലപാതകവിവരം പുറത്തുവന്നത്.

തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാര്‍ക്ക് ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞാണ് മരിച്ചത്. പിതാവ് മരിച്ചതിന് ശേഷം ഈ ദമ്പതിമാര്‍ക്കൊപ്പമാണ് ബന്ധുവായ 12-കാരിയായ പെണ്‍കുട്ടി ഒന്നരവര്‍ഷമായി താമസിച്ചിരുന്നത്. ഇക്കാലയളവില്‍ തനിക്ക് ലഭിച്ചിരുന്ന സ്‌നേഹം കഴിഞ്ഞ നാല് മാസമായി പുതിയ കുഞ്ഞിനാണ് കിട്ടുന്നത് എന്നതാണ് കുട്ടിയെ ഇത്തരമൊരു ദാരുണമായ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker