തിരുവനന്തപുരം: അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതിനു പിന്നാലെ ഏക സാക്ഷിയായ മകനെയും കൊലപ്പെടുത്തിയ കേസില്‍ 4 പ്രതികള്‍ അറസ്റ്റില്‍. 6 വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് അറസ്റ്റ്. നെല്ലനാട് കീഴായിക്കോണം കൈതറക്കുഴി വീട്ടില്‍ പരേതരായ തുളസി-കമല ദമ്പതികളുടെ മകന്‍ പ്രദീപ് കുമാര്‍(32)നെ യാണ് തെളിവു നശിപ്പിക്കുന്നതിനായി കൊന്നത്. 2015 മാര്‍ച്ച് 26ന് കീഴായിക്കോണം മരോട്ടിക്കുഴി ഈശാനുകോണം നടവരമ്പിനു സമീപത്തെ പൊന്തക്കാട്ടില്‍ പ്രദീപിനെ കഴുത്തില്‍ കൈലിമുണ്ട് കുരുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
വണ്ടിപ്പുര കൈതറക്കുഴി വീട്ടില്‍ പുഷ്പാകരന്‍(45), ഇയാളുടെ ഭാര്യാസഹോദരന്‍ വിനേഷ്(35), വണ്ടിപ്പുര സ്വദേശികളായ അഭിലാഷ്(40),സുരേഷ്(42) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മൂന്നാം പ്രതി വെളുത്തപാറ വീട്ടില്‍ റീജു, പ്രദീപ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകം ആത്മഹത്യ ചെയ്തിരുന്നു. പ്രദീപിന്റെ മാതാവ് കമലയുമായി പ്രതികള്‍ വാക്കുതര്‍ക്കത്തിലാകുകയും മര്‍ദിക്കുകയും ചെയ്തതിനുശേഷം സമീപത്തെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏക സാക്ഷിയായിരുന്നു മകന്‍ പ്രദീപ്.
കേസിന്റെ വിചാരണ ആരംഭിക്കുന്നതിനും ദിവസങ്ങള്‍ക്കു മുന്‍പാണ് പ്രദീപ് കൊല്ലപ്പെടുന്നത്. കേസില്‍ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നു പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒരു ലക്ഷത്തിലധികം ഫോണ്‍കോളുകള്‍ വിശകലനം ചെയ്താണ് പ്രതികളെ കുടുക്കിയത്. ജില്ലാ പൊലീസ് മേധാവി പി.കെ. മധു, അഡീഷനല്‍ എസ്പി ഇ.എസ്. ബിജുമോന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുല്‍ഫിക്കര്‍, തിരുവനന്തപുരം റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി എന്‍. വിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
അങ്കമാലി കാരാമറ്റത്ത് കനാലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഏഴാറ്റുമുഖം ഇടതു കര കനാലിൽ ആണ് പുരുഷൻമാരുടെ ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. കാരമറ്റം സ്വദേശികളായ തോമസ്, സനൽ എന്നിവരെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തോമസിന് 52 വയസ്സാണ് പ്രായം. സനലിന് 32 വയസ്സും പ്രായമുണ്ട്.
അതേസമയം കോട്ടയം കുറിച്ചിയിൽ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം. കുട്ടിയ്ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവ് മനോവിഷമത്തിൽ ആയിരുന്നു. പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച പലചരക്ക് കടക്കാരൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കുറിച്ചി സ്വദേശി 74 വയസ്സുള്ള യോഗിദാസൻ ആണ് അറസ്റ്റിലായത്.