![](https://breakingkerala.com/wp-content/uploads/2021/05/jail-3.jpg)
ഉപ്പുതറ: ഭാര്യയുടെ അമ്മയെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ പോലീസ് അറസ്റ്റുചെയ്തു. ചപ്പാത്ത് കന്നിക്കല്‍ എഴുകുന്താനത്ത് ലില്ലിക്കുട്ടിക്കാണ് (75) വെട്ടേറ്റത്. തങ്കമണി പഴയചിറയില്‍ ജോസ് പി.ജോര്‍ജിനെ (മോനിച്ചന്‍-55)യാണ് ഉപ്പുതറ സി.ഐ. ജോയി മാത്യു അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30-നാണ് സംഭവം.
ലില്ലിക്കുട്ടിയുടെ മകള്‍ ബിന്‍സിയാണ് (51) മോനിച്ചന്റെ ഭാര്യ. ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. മകളുടെയും മകന്റെ ഭാര്യയുടെയും 23 പവന്‍ സ്വര്‍ണം ബിന്‍സി പണയംവെച്ചു. സ്വര്‍ണം പണയം വെച്ച കാര്യമോ ഈ പണം എന്തുചെയ്‌തെന്നോ ഭര്‍ത്താവിനോടും വീട്ടിലുള്ള മറ്റുള്ളവരോടും ബിന്‍സി പറഞ്ഞില്ല. സ്വര്‍ണം കാണാനില്ലെന്നുകാട്ടി മകന്‍ തങ്കമണി പോലീസില്‍ പരാതി നല്‍കി.
പോലീസ് ചോദിച്ചിട്ടും സ്വര്‍ണം പണയംവെച്ചത് സംബന്ധിച്ച് ബിന്‍സി വെളിപ്പെടുത്തിയില്ല. ഇക്കാര്യത്തെച്ചൊല്ലി, ലില്ലിക്കുട്ടിയും മോനിച്ചനും തമ്മില്‍ വഴക്കായി. ഇതോടെ ബിന്‍സി 21-ന് കന്നിക്കല്ലില്‍ അമ്മയുടെ അടുത്തേക്ക് പോന്നു. പോലീസ് വിളിപ്പിച്ചിട്ടും ബിന്‍സി സ്റ്റേഷനില്‍ ചെന്നില്ല.
പണം തിരിമറി നടത്തിയത് ലില്ലിക്കുട്ടി അറിഞ്ഞാണെന്ന് മോനിച്ചന്‍ സംശയിച്ചു. ശനിയാഴ്ച വൈകീട്ട് എട്ടരയോടെ മോനിച്ചന്‍ കന്നിക്കല്ലില്‍ ബിന്‍സിയുടെ വീട്ടിലെത്തി. ബിന്‍സി വീട്ടില്‍ ഇല്ലായിരുന്നു. ഇത് കൂടുതല്‍ സംശയത്തിനിടയാക്കി.
ഇതിനിടെ, മോനിച്ചനും ലില്ലിക്കുട്ടിയും തമ്മില്‍ തര്‍ക്കം ഉണ്ടായി. മോനിച്ചന്‍ കൈയില്‍ കരുതിയിരുന്ന വാക്കത്തികൊണ്ട് ലില്ലിക്കുട്ടിയെ വെട്ടുകയായിരുന്നു. ഈ വിവരം മോനിച്ചന്‍ തങ്കമണി സി.ഐ.യെ ഫോണില്‍ അറിയിച്ചു. ഉപ്പുതറ പോലീസ് എത്തി മോനിച്ചനെ കസ്റ്റഡിയിലെടുത്തു.
തലയ്ക്കും കഴുത്തിനും മൂക്കിനും സാരമായി പരിക്കേറ്റ ലില്ലിക്കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.