വാഷിങ്ടൺ: സൗരയൂഥത്തിന് പുറത്ത് ആറ് ഗ്രഹങ്ങളെക്കൂടി കണ്ടെത്തി. നാസയുടെ ട്രാൻസിറ്റിംഗ് എക്‌സോപ്ലാനറ്റ് സർവേ സാറ്റലൈറ്റ് (TESS) ആണ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയത്. ഇതോടെ സൗരയൂധത്തിന് പുറത്ത് മനുഷ്യന് അറിവാകുന്ന ഗ്രഹങ്ങളുടെ എണ്ണം 5502 ആയി. ഭീമൻ ഗ്രഹമാണ് ഇപ്പോൾ കണ്ടെത്തിയതിൽ ഒന്ന്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തേക്കാൾ വലിയ ഗ്രഹമാണ് കണ്ടെത്തിയത്.
സൂര്യനേക്കാൾ 40 മടങ്ങ് വലിപ്പമുള്ള നക്ഷത്രത്തെയാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്. HD 36384 b എന്നാണ് ഈ ഗ്രഹത്തിന് നൽകിയ പേര്. മറ്റൊരു ഗ്രഹം പ്രോട്ടോപ്ലാനറ്റ് ഗണത്തിൽപ്പെട്ടതാണ്. ഈ ഗ്രഹത്തിന്റെ രൂപീകരണം ഇനിയും പൂർത്തിയായിട്ടില്ല. എങ്ങനെയാണ് പ്രപഞ്ചത്തിൽ ഗ്രഹങ്ങൾ രൂപം കൊള്ളുന്നതെന്ന് മനസ്സിലാക്കാൻ ഈ പ്രോട്ടോപ്ലാനറ്റിനെ പഠിച്ചാൽ മതിയാകുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.
TOI-198 b, TOI-2095 b, TOI-2095 c , TOI-4860 എന്നിവയാണ് ഗ്രഹങ്ങൾ. 31 വർഷം മുമ്പാണ് 1992-ൽ, PSR B1257+12 എന്ന പൾസറിനെ പരിക്രമണം ചെയ്യുന്ന ഇരട്ട ഗ്രഹങ്ങളായ പോൾട്ടർജിസ്റ്റ്, ഫോബെറ്റർ എന്നിവയാണ് ആദ്യമായി കണ്ടെത്തിയ എക്സോപ്ലാനറ്റുകൾ. 2022 മാർച്ചോടെ കണ്ടെത്തിയ എക്സോപ്ലാനറ്റുകളുടെ എണ്ണം 5,000 കവിഞ്ഞു.