കൊച്ചി: മോൺസൺ മാവുങ്കൽ സ്ത്രീകളെ ‘വീഴ്ത്തി’യിരുന്നത് സൗന്ദര്യവർധക വസ്തുക്കൾ നൽകി. ‘കോസ്മറ്റോളജിസ്റ്റ്’ എന്നുപറഞ്ഞ് നടന്നിരുന്ന ഇയാൾ, ചില സൗന്ദര്യവർധക വസ്തുക്കൾ ചികിത്സയുടെ ഭാഗമായി നൽകിയിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ സൗന്ദര്യവർധക വസ്തുക്കളായിരുന്നു ഇവ.
അതിനാൽത്തന്നെ പലർക്കും ഫലപ്രാപ്തിയും ലഭിച്ചിരുന്നു. ഈ വിവരം പരസ്പരം പറഞ്ഞ് കൂടുതൽപേർ അറിഞ്ഞു. ഇത്തരത്തിൽ നിരവധിപേർ മോൻസന്റെ അടുക്കൽ എത്തിയിരുന്നു. ചില ഉന്നതരുടെ ഭാര്യമാരും സൗന്ദര്യചികിത്സ തേടി എത്തിയിരുന്നതായാണ് വിവരം.
വിദേശത്തുനിന്ന് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്ന വനിതയെ മോൺസൺ ‘വീഴ്ത്തി’യത് സാരിയുടുക്കാൻ പഠിപ്പിച്ചാണ്. ഇവരോട് പ്രധാന ചടങ്ങുകളിൽ സാരി ധരിച്ച് വരാൻ നിർദേശിക്കുകയും സാരിയുടുക്കാൻ ഇയാൾ പഠിപ്പിക്കുകയും ചെയ്തു.
മോൻസൺ മാവുങ്കലിനെ കലൂരിലെ വീട്ടിലെത്തിച്ചു വീണ്ടും തെളിവെടുത്തു. ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്ത് കൊച്ചിയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. പ്രതി വ്യാജഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പരാതിക്കാരിലൊരാളായ യാക്കൂബ് പുറായിലിൽനിന്ന് നാലുകോടി രൂപ വാങ്ങിയതിന് മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ കരാർ ക്രൈംബ്രാഞ്ച് ശേഖരിച്ചു. മോൻസൺ വ്യാജരേഖ തയ്യാറാക്കിയതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. എച്ച്.എസ്.ബി.സി. ബാങ്കിന്റെ സീൽ പതിച്ച വ്യാജരേഖയും പണം ഇന്ത്യൻ രൂപയാക്കിയതിന്റെ രേഖകളും പ്രതിയുടെ കൈയിലുണ്ടായിരുന്നു. ഇത് കാണിച്ചാണ് പരാതിക്കാരിൽ നിന്ന് പണം തട്ടിയത്.
മോൻസൺ തയ്യാറാക്കിയ രേഖകൾ വ്യാജമാണെന്ന് ബാങ്ക് അധികൃതർ സ്ഥിരീകരിച്ചു. മോൻസൺ ഉന്നതരെയടക്കം കബളിപ്പിച്ചെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
‘സംസ്കാര ടി.വി.’ യുടെ പേരിൽ തട്ടിപ്പ് നടത്തിയത് ഉൾപ്പെടെ നാലു കേസുകളാണ് രജിസ്റ്റർ ചെയ്തത്.മോൻസണെ മോൻസന്റെ മുൻ ഡ്രൈവർ അജി നെട്ടൂർ, പുരാവസ്തു വാങ്ങുന്നതിൽ ഇടനിലക്കാരനായിരുന്ന സന്തോഷ്, പരാതിക്കാരായ അനൂപ് മുഹമ്മദ് ഉൾപ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി വ്യാഴാഴ്ച മൊഴിയെടുത്തു.
കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിച്ചു മോൻസന്റെ ശബ്ദ സാമ്പിളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.പരാതിക്കാരായവർക്ക് നഷ്ടമായി എന്നു പറയുന്ന കോടികൾ ഏതു രീതിയിൽ സമ്പാദിച്ചതാണെന്നുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് തുടങ്ങി.
കേസിൽ ഹൈക്കോടതിയുടെ മേൽനോട്ടം ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. മോൻസണു വേണ്ടി പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് മോൻസന്റെ ഡ്രൈവറായിരുന്ന അജിത് നൽകിയ ഹർജിയിൽ പോലീസ് മേധാവിയെ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. മോൻസണ് പോലീസിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് അജിത്ത് പറയുന്നു. തന്റെ പേരിലടക്കം മോൻസൺ ബാങ്കുകളിൽ അക്കൗണ്ടുകൾ തുടങ്ങിയിരുന്നുവെന്നും അജിത്ത് അറിയിച്ചിട്ടുണ്ട്.