KeralaNews

മോന്‍സണിന്റെ പക്കലുള്ളത് ഫെറാറി കാര്‍ അല്ല; മിത്സുബിഷിയുടെ കാര്‍ രൂപമാറ്റം വരുത്തിയത്

കൊച്ചി: വാഹന റജിസ്ട്രഷനിലും മോന്‍സണ്‍ മാവുങ്കല്‍ വലിയ ക്രമക്കേട് നടത്തിയതായി കണ്ടെത്തല്‍. മോന്‍സന്റെ വാഹനങ്ങള്‍ വ്യജ രജിസ്ട്രേഷനിലുള്ളതാണെന്നാണ് പോലീസ് സംഘം കണ്ടെത്തിയത്. മോന്‍സണിന്റെ പക്കലുള്ള പല ആഢംബര കാറുകളും രൂപമാറ്റം വരുത്തിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ ഏഴ് വാഹനങ്ങളാണ് ഉള്ളത്. അതില്‍ ഒരു വാഹനം ഒഴികെ ബാക്കിയെല്ലാം വ്യാജ നമ്പറിലുള്ള കാറുകളാണ്. മോന്‍സന്റെ പക്കലുള്ള ഫെറാറി കാര്‍ പ്രാദേശിക വര്‍ക്ക്ഷോപ്പിലൂടെ മിത്സുബിഷിയുടെ കാര്‍ രൂപമാറ്റം വരുത്തിയതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദമായ അന്വേഷണം നടത്തും.

അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ നാല് കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് തെളിവ് ലഭിച്ചതായി ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. മോന്‍സണിന്റെ സഹായികളുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് രേഖകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും.

പണമിടപാട് വിവരങ്ങള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇതിനായി മോന്‍സണെ മൂന്നുദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെടും. തന്റെ മ്യൂസിയത്തിലുള്ള പുരാവസ്തുക്കള്‍ വ്യാജമാണെന്ന് ഇന്നലെ തന്നെ ചോദ്യം ചെയ്യലില്‍ മോന്‍സണ്‍ സമ്മതിച്ചിരുന്നു. പരാതിക്കാര്‍ നല്‍കിയ ഫോണ്‍രേഖ മോന്‍സണിന്റേത് തന്നൊയണോ എന്ന് സ്ഥിരീകരിക്കാന്‍ ശബ്ദപരിശോധന നടക്കുകയാണ്. കാക്കനാടുള്ള ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് ശബ്ദശേഖരണം നടത്തുന്നത്.

മോന്‍സണ്‍ മാവുങ്കല്‍ 10 കോടി തട്ടിയെടുത്തെന്നാണ് പരാതിക്കാര്‍ ആരോപിച്ചത്. 4 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച രേഖകളാണ് ക്രൈംബ്രാഞ്ചിന് നിലവില്‍ ലഭിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് പരിശോധനയില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന് തെളിവുകള്‍ ലഭിച്ചത്. ബാങ്ക് വഴി കൈപറ്റിയ പണം താന്‍ വാങ്ങിയിട്ടുണ്ടെന്നും മോന്‍സണ്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ മോന്‍സണ്‍ ചോദ്യം ചെയ്യലില്‍ നിഷേധിച്ചു. 10 കോടി രൂപ താന്‍ ആരില്‍ നിന്നും കൈപ്പറ്റിയിട്ടില്ലെന്നും മോന്‍സണ്‍ ആവര്‍ത്തിച്ചു. നാല് കോടിയിലെ വിഹിതം ആഡംബര ജീവിതത്തിനായി ഉപയോഗിക്കാനും ബാക്കി തുക പുരാവസ്തുക്കള്‍ വാങ്ങാനും വിനിയോഗിച്ചതായി മോന്‍സണ്‍ സമ്മതിച്ചു. പുരാവസ്തുക്കള്‍ കാണിച്ച് നടത്തിയ തട്ടിപ്പില്‍ മോന്‍സണെതിരെ വഞ്ചനാക്കുറ്റവും ക്രൈംബ്രാഞ്ച് ചുമത്തിയേക്കും.

അതിനിടെ, മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാല്‍ പുരാവസ്തു വകുപ്പ് വിദഗ്ധ പരിശോധന നടത്തും. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സഹായം തേടുമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button