KeralaNews

സാമ്പത്തിക ഇടപാടുകള്‍ ദുരൂഹം,മോന്‍സണ്‍ മാവുങ്കലിനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍വിട്ടു,ശബരിമല ചെമ്പോല നല്‍കിയ ആള്‍ രംഗത്ത്

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽവിട്ടു. വയനാട് എസ്റ്റേറ്റ് തട്ടിപ്പ് കേസിലാണ് മോൻസണെ ഒക്ടോബർ ഏഴ് വരെ കസ്റ്റഡിയിൽവിട്ടത്. വിശദമായി ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്.

മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് പണമിടപാട് നടത്തിയതെന്നും ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു. ഇതെല്ലാം അംഗീകരിച്ചാണ് മോൻസണെ വ്യാഴാഴ്ച വരെ കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടത്.

ക്രൈംബ്രാഞ്ചിന്റെ എറണാകുളം യൂണിറ്റ് രണ്ട് കേസുകളാണ് മോൻസണെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിലെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയശേഷം ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റും പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. വിവിധ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ആകെ അഞ്ച് കേസുകളാണ് മോൻസണെതിരേ നിലവിലുള്ളത്.

ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന പേരിൽ മോൻസൺ മാവുങ്കൽ പ്രചരിപ്പിച്ച ചെമ്പോല താൻ കൈമാറിയതെന്ന് അവകാശപ്പെട്ട് തൃശൂർ സ്വദേശി ഗോപാൽ ജി. പുരാവസ്തു ഇടനിലക്കാരനായ സന്തോഷിന് ചെമ്പോല കൈമാറിയത് താനാണെന്ന് പുരാവസ്തു കച്ചവടക്കാരനായ ഗോപാൽ ജി പറഞ്ഞു. സിനിമയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് സന്തോഷ് ചെമ്പോല വാങ്ങിയതെന്നും ശബരിമലയിലെ വെടി വഴിപാടിനെ കുറിച്ചായിരുന്നു ചെമ്പോലയിൽ ഉണ്ടായിരുന്നതെന്നും ഗോലാൽ ജി പറയുന്നു.

ത്യശൂർ ഫിലാറ്റലിക് ക്ലബിൽ വെച്ച് കാലപ്പഴക്കം തോന്നിയത് കൊണ്ടാണ് ഒരാളിൽ നിന്ന് ചെമ്പോല വാങ്ങിയതെന്ന് ഗോലാൽ ജി പറഞ്ഞു. കാലടി സർവകലാശാല ഗവേഷകനായ സന്തോഷിനെ കാണിച്ചപ്പോഴാണ് ശബരിമലയുമായി ബന്ധപ്പെട്ടതെന്ന് മനസിലായത്. ഇത് ആധികാരിക രേഖയാണോയെന്ന് അറിയില്ലെന്നും ഗോലാൽ ജി വ്യക്തമാക്കി. വലിയ പ്രാധാന്യം തോന്നാത്തതുകൊണ്ടാണ് സിനിമയ്ക്കായി കൈമാറിയത്. മോൻസൻ്റെ കൈവശമുള്ള രേഖ ഏതെന്ന് താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വർഷങ്ങളായി പുരാവസ്തുക്കളുടെ ഇടപാടുകാരാണ് ഗോപാൽ ജി.ത്യശൂരിലെ അജ്ഞാതനിൽ നിന്ന് ചെമ്പോല വാങ്ങിയെന്നായിരുന്നു ഇടനിലക്കാരൻ സന്തോഷ് ഇന്നലെ പറഞ്ഞത്. ആചാരവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചെമ്പോലയിൽ ഉള്ളതായി അറിയില്ലെന്നും സന്തോഷ് പറഞ്ഞിരുന്നു.

മോന്‍സനെതിരായ കേസുകളില്‍ അന്വേഷണം പുരോഗമിയ്ക്കുന്നതിനിടെ വിഷയം ഇന്ന് നിയമസഭയിലും ചര്‍ച്ചയായി
മോൻസൺ മാവുങ്കലിന്റെ അടുത്ത്‌ ആരെല്ലാമാണ്‌ ചികിത്സക്ക്‌ പോയതെന്ന്‌ പൊതുജനത്തിനറിയാമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.സഭയില്‍ പറഞ്ഞു.പൊലീസ് ഉദ്യോഗസ്ഥർ മോൻസന്റെ വീട്ടിൽ പോയത് സുഖചികിത്സയ്ക്കല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിപക്ഷം നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയത്തിന് നോട്ടിസിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മോൻസണുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊതുജനത്തിന് അറിയാം. മോൻസണിന്റെ വീട്ടിൽ ആരൊക്കെ എന്തിനൊക്കെയാണ് പോയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഡിജിപി സന്ദർശിച്ച ശേഷം മോൻസണിനെപ്പറ്റി അന്വേഷിക്കാൻ ഇന്റലിജൻസിന് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

മോന്‍സണ്‍ മാവുങ്കലിനെ സംബന്ധിച്ച് സര്‍ക്കാരിന് പരാതി 06.09.2021 നാണ് ലഭിച്ചത്. 23.09.2021 ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇക്കാര്യത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തെ കോടതിയില്‍ തന്നെ പ്രതിരോധിക്കുന്നതിനും പോലീസിന് കഴിഞ്ഞിട്ടുണ്ട്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതി ഇപ്പോഴും പോലീസിന്റെ കസ്റ്റഡിയിലാണ്.

പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നു എന്നു കരുതപ്പെടുന്ന സ്ഥലത്ത് സ്വാഭാവികമായും ആളുകള്‍ സന്ദര്‍ശിക്കുക പതിവാണ്. ആരൊക്കെ എന്തിനൊക്കെ പോയി എന്ന കാര്യമൊക്കെ പോലീസ് അന്വേഷിക്കേണ്ട കാര്യമാണ്.ഡിജിപിയുടെ സന്ദര്‍ശനം കഴിഞ്ഞ ഉടനെ ഇവരുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് അന്വേഷിക്കുന്നതിന് ഇന്റലിജന്‍സിന് വിവരം നൽകിയിരുന്നു. സംസ്ഥാന ഇന്റലിജന്‍സ് ഇത് സംബന്ധിച്ച് അന്വേഷിക്കുകയും പോലീസിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്‌.

തുടർന്ന്‌ സംസ്ഥാന പോലീസ് മേധാവി 05.02.2020 ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് കത്ത് നൽകിയിട്ടുണ്ട്‌. ഇത് വ്യക്തമാക്കുന്നത് മോൺസണെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുകയാണ് പോലീസ് ചെയ്തത് . അല്ലാതെ സുഖചികിത്സയ്ക്ക് തങ്ങുകയല്ല ഉണ്ടായത്.

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് ചെമ്പോല വ്യാജമായി ഉണ്ടാക്കി ജനങ്ങളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്ന വാദം വസ്തുതകളുമായി ബന്ധമില്ലാത്തതാണ്. ഇത്തരം കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നു എന്നതിനാല്‍ അത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാവില്ല.ഏതൊരു വ്യക്തിയും തന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് പോലീസിന് പരാതി നല്‍കിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ആ പ്രദേശത്ത് ഒരു പ്രത്യേക ശ്രദ്ധ പോലീസ് നല്‍കുക പതിവാണ്.

മോന്‍സണ്‍ മാവുങ്കല്‍ സൂക്ഷിച്ചുവരുന്ന പുരാവസ്തു കാര്യങ്ങളെ സംബന്ധിച്ച് ഡിആര്‍ഡി രേഖകളെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോടും ആര്‍ക്കിയോളജിക്കല്‍ വകുപ്പിനോടും ഡിആര്‍ഡിേഒ യോടും ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.

കേസിൽ കൂടുതൽ അന്വേഷണത്തിന്‌ ക്രൈംബ്രാഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌. 25 കോടി രൂപ വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 6 കോടി 27 ലക്ഷം രൂപ തട്ടിയെടുത്തതായി പന്തളം സ്വദേശി രാജേന്ദ്രന്‍ പിള്ളയുടെതടക്കം 4 കേസുകളാണ്‌ മോൻസണിനെതിരെയുള്ളതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വയക്‌തമാക്കി. പി ടി തോമസ്‌ ആണ്‌ അടിയന്തിരപ്രമേയത്തിന്‌ അനുമതി തേടിയത്‌.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button