കൊച്ചി:വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ പറയുന്നു.
‘പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും.
ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു. ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം’, എന്നാണ് മോഹൻലാൽ കുറിച്ചത്.
നടൻ മമ്മൂട്ടിയും പി ജയചന്ദ്രന് അനുശോചനം അറിയിച്ചിട്ടുണ്ട്. ‘പ്രിയ ഭാവഗായകന് ആദരാഞ്ജലികൾ’, എന്നാണ് മമ്മൂട്ടി കുറിച്ചത്.
പി ജയചന്ദ്രന്പി ജയചന്ദ്രന്‍റെ സംസ്കാരം മറ്റന്നാൾ പറവൂര്‍ ചേന്ദമംഗലത്ത്മറ്റന്നാൾ പറവൂര്‍ ചേന്ദമംഗലത്ത് വച്ച് നടക്കും. നാളെ രാവിലെ 9.30ക്ക് മൃതദേഹം പൂങ്കുന്നത്ത് ചക്കാമുക്ക്, തോട്ടേക്കാട്ട് ലൈൻ തറവാട് വീട്ടിലേക്ക് (മണ്ണത്ത് ഹൗസ് ) കൊണ്ടുപോകും.
ശേഷം 12 മണി മുതൽ സംഗീത അക്കാദമി ഹാളിൽ (റീജനൽ തിയ്യറ്റർ) പൊതുദർശനത്തിന് വയ്ക്കും. പതിനൊന്നാം തിയ്യതി 9 മണി മുതൽ ചേന്ദമംഗലം പാലിയം തറവാട്ടിലെ പൊതുദർശനത്തിന് ശേഷം വൈകീട്ട് 3 മണിക്ക് പാലിയം തറവാട് ശ്മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.