മോഹൻലാൽ- ശോഭന കൂട്ടുകെട്ട് വീണ്ടും; തരുൺ മൂർത്തി ചിത്രത്തിന് പേരിട്ടു
കൊച്ചി: ശോഭന- മോഹൻലാൽ ജോഡി ഒന്നിക്കുന്ന ചിത്രത്തിനായുള്ള മലയാളികളുടെ കാത്തിരിപ്പിന് വിരാമമാവുന്നു. വർഷങ്ങൾക്കുശേഷം മോഹൻലാൽ-ശോഭന കോംബോ ഒന്നിക്കുന്ന തരുൺ മൂർത്തി ചിത്രത്തിൻ്റെ പേര് പ്രഖ്യാപിച്ചു. തുടരും എന്ന് പേരിട്ട ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഫെയ്സ്ബുക്ക് പേജിലൂടെ മോഹൻലാൽ പുറത്തുവിട്ടു.
മോഹൻലാലിൻ്റെ 360-ാം ചിത്രമെന്ന പ്രത്യേകതക്കു പുറമെ ശോഭനയും മോഹൻലാലും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും സിനിമയ്ക്കുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവർ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ചിത്രത്തിൻ്റെ അവതരണം.
കെ.ആർ.സുനിലിൻ്റേതാണു കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്.
ഛായാഗ്രഹണം. ഷാജികുമാർ, എഡിറ്റിംഗ് -നിഷാദ് യൂസഫ്,ഷഫീഖ്,സംഗീതം –ജയ്ക്സ് ബിജോയ് ,സൗണ്ട് ഡിസൈൻ-വിഷ്ണുഗോവിന്ദ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്റിക രഞ്ജിത്,കലാ സംവിധാനം – ഗോകുൽ ദാസ്. മേക്കപ്പ് – പട്ടണം റഷീദ്. കോസ്റ്റ്യും – ഡിസൈൻ-സമീരാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പോടുത്താസ്,വാഴൂർ ജോസ്.