കൊച്ചി: ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിലേക്ക് പൃഥ്വിരാജ് എത്തിയതിനെ കുറിച്ചും പൃഥ്വിയുമായുള്ള സിനിമാനുഭവങ്ങളെ കുറിച്ചും മനസ് തുറന്ന് നടന്‍ മോഹന്‍ലാല്‍. ബറോസിന്റെ പൂജാ ചടങ്ങിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. പൃഥ്വിരാജ് ബറോസിലെ കഥാപാത്രം ചെയ്യണമെന്ന് എപ്പോഴാണ് തീരുമാനിച്ചതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ഈ സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ഒരുപാട് ഓപ്ഷന്‍സ് ആലോചിക്കേണ്ടി വന്നിട്ടില്ല. അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നു. പക്ഷെ ഈ സിനിമ തുടങ്ങി മുന്നോട്ടു വന്നപ്പോഴേക്കും ഒരുപാട് പ്രതികൂല സാഹചര്യങ്ങളുണ്ടായി. കൊവിഡ് തന്നെയായിരുന്നു അതിന് പ്രധാന കാരണം. അതുകഴിഞ്ഞ് പെട്ടെന്നാണ് ഈ സിനിമ വീണ്ടും സംഭവിക്കുന്നത്. അങ്ങനെ അദ്ദേഹത്തോട് ചോദിച്ചു. ചോദിച്ചപ്പോള്‍ തന്നെ, ഒരു സെക്കന്റ് പോലും ആലോചിക്കാതെ ഞാനുണ്ട് എന്നാണ് പറഞ്ഞത്. അങ്ങനെയായിരിക്കാം സംഭവിക്കേണ്ടത്.
അദ്ദേഹത്തിന്റെ മറ്റു പല സിനിമകളും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാണ് അദ്ദേഹം ബറോസിനായെത്തിയത്. വളരെ ഷോര്‍ട്ട് നോട്ടീസിലാണ് സിനിമയില്‍ അഭിനയിക്കാമോയെന്ന് ചോദിക്കുന്നത്. എന്റെ അടുത്ത് പെട്ടെന്ന് വന്ന് അങ്ങനെ ചോദിച്ചാലുള്ള ബുദ്ധിമുട്ട് എനിക്ക് അറിയാം. ഇനി അദ്ദേഹം വന്ന് അടുത്ത് ആഴ്ച സിനിമ ചെയ്യുമോയെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഞാനും ‘അതെ ഞാന്‍ റെഡി’ എന്ന് പറഞ്ഞേക്കാം,’ മോഹന്‍ലാല്‍ പറഞ്ഞു.
മമ്മൂട്ടിയടക്കം സിനിമാ രംഗത്തുള്ള നിരവധിപേരാണ് നവോദയ സ്റ്റുഡിയോയില്‍ നടന്ന പൂജ ചടങ്ങിനായെത്തിയത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ഉണ്ട്. ഗോവയും പോര്‍ച്ചുഗലുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ചിത്രത്തില്‍ ബാറോസായി അഭിനയിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്.
സ്പാനിഷ് നടി പാസ് വേഗ, നടന്‍ റഫേല്‍ അമാര്‍ഗോ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും അഭിനയിക്കും. ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും വിദേശതാരങ്ങളും സിനിമയിലുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.