KeralaNews

തീപ്പിടുത്തം പ്രതിരോധിയ്ക്കാന്‍ ബ്രഹ്‌മപുരം സജ്ജം,മോക്ക്ഡ്രില്‍ നടത്തി;ഹൈക്കോടതി ജഡ്ജിമാര്‍ പ്ലാന്റിലെത്തും

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തമുണ്ടാകുന്നതിന്റെ മോക്ഡ്രിൽ നടത്തി. പോയിന്റ് സീറോ, ഏഴാം സെഗ്മെന്റ്, നാലാം സെഗ്മെന്റ് എന്നീ മൂന്ന് പോയിന്റുകളില്‍ തീപിടിക്കുന്നതും ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തീ അണയ്ക്കുന്നതുമാണ് മോക്ക് ഡ്രില്ലില്‍ ആവിഷ്‌കരിച്ചത്. വാച്ച് ടവറില്‍നിന്ന് ഫയര്‍ വാച്ചര്‍മാര്‍ തീപിടിച്ച വിവരം അറിയുകയും സ്റ്റാന്‍ഡ് ബൈ ആയി ഉണ്ടായിരുന്ന ഫയര്‍ എന്‍ജിന്‍ പ്രവര്‍ത്തനം തുടങ്ങുകയും പിന്നീട് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയും പട്ടിമറ്റം, തൃപ്പൂണിത്തുറ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് ഫയര്‍ ടെന്‍ഡര്‍ സ്ഥലത്തെത്തി തീയണയ്ക്കുകയും ചെയ്തു.

ഹൈക്കോടതി ജഡ്ജിമാർ ബുധനാഴ്ച ബ്രഹ്മപുരത്തെ മാലിന്യപ്ലാൻറ് സന്ദർശിക്കും. മാലിന്യ പ്ലാന്റ് വിഷയം പരിഗണിക്കുന്ന ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ബ്രഹ്മപുരത്ത് നേരിട്ടെത്തി പരിശോധന നടത്തുന്നത്. ബ്രഹ്മപുരത്ത് കഴിഞ്ഞ വർഷം ദിവസങ്ങളോളം നീണ്ടുനിന്ന തീപ്പിടിത്തം ഉണ്ടായതിനെ തുടർന്ന് സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

കഴിഞ്ഞ ദിവസവും ബ്രഹ്മപുരത്ത് തീപ്പിടിത്തമുണ്ടായ പശ്ചാത്തലത്തിൽ വിഷയം പരിഗണിച്ച ഡിവിഷൻ ബെഞ്ച് ബ്രഹ്മപുരത്ത് നേരിട്ടെത്തി പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. ബ്രഹ്മപുരത്തെ നിലവിലെ പ്ലാൻറും നിർദിഷ്ട ബി.പി.സി.എൽ. മാലിന്യപ്ലാൻറ് നിർമാണവുമായി ബന്ധപ്പെട്ട പുരോഗതികളും ഇരുവരും നേരിട്ട് വിലയിരുത്തും. അതേസമയം, തീപീടിത്തമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പുരോഗമിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മന്ത്രിമാരായ പി. രാജീവ് എം.ബി. രാജേഷ് എന്നിവർ ജില്ലാഭരണകൂടത്തിന് നിർദേശം നല്‍കി.

പ്ലാന്റില്‍ ഓട്ടോമാറ്റിക് വെറ്റ് റൈസര്‍ സംവിധാനം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം വെറ്റ് റൈസര്‍ സ്ഥാപിക്കും. ഇതോടൊപ്പം ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. 20 ദിവസത്തിനകം ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കുമെന്ന് കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അറിയിച്ചു.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാന്‍ വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി മന്ത്രിമാരായ പി. രാജീവിന്റെയും എം.ബി. രാജേഷിന്റെയും നേതൃത്വത്തില്‍ വിലയിരുത്തി. പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എല്ലാ ആഴ്ചയും യോഗം ചേരാന്‍ മന്ത്രി പി. രാജീവ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നത്.

പ്ലാന്റില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറയുടെ ആക്‌സസ് പോലീസിന് നല്‍കിയിട്ടുണ്ട്. ജില്ലയിലെ ദുരന്ത നിവാരണ വിഭാഗത്തിനു കൂടി ആക്‌സസ് ലഭ്യമാക്കും. മാലിന്യ പ്ലാന്റിന്റെ ഉള്‍ഭാഗത്തേക്കുള്ള പ്രധാന റോഡുകള്‍ പൂര്‍ത്തിയായി. ഉള്‍ഭാഗത്തേക്കുള്ള റോഡുകള്‍ ഫയര്‍ ടെന്‍ഡര്‍ വാഹനങ്ങള്‍ക്ക് അനായാസം സഞ്ചാരിക്കാന്‍ കഴിയും വിധം കൂടുതല്‍ ശക്തിപ്പെടുത്താനും നിര്‍ദേശം നല്‍കി.

കൂടാതെ പ്ലാന്റില്‍ നിയോഗിച്ചിരിക്കുന്ന ഫയര്‍ വാച്ചര്‍മാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചു. വാച്ച് ടവറില്‍ നിന്ന് നിരീക്ഷിക്കുന്നതിനുള്ള ബൈനോക്കുലര്‍ വാങ്ങാനും യോഗത്തില്‍ തീരുമാനിച്ചു. ജലസംഭരണികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button