KeralaNews

മണിക്കൂറുകള്‍ നീണ്ട തെരച്ചില്‍,പുല്ലരിയാൽ പോയ സുരേന്ദ്രൻ്റെ മൃതദേഹം കണ്ടെത്തി; സംഭവിച്ചതില്‍ ദുരൂഹത

വയനാട്: മീനങ്ങാടിയില്‍ ദുരൂഹ സാഹചര്യത്തിൽ കാണാതായ കർഷകൻ്റെ മൃതദേഹം കണ്ടെത്തി. ബുധാനാഴ്ച കാണാതായ മീനങ്ങാടി മുരണി കുണ്ടുകൊല്ലി സുരേന്ദ്രന്റെ (55) മൃതദേഹമാണ് കണ്ടെത്തിയത്. മീനങ്ങാടി ചീരാംകുന്ന് ഗാന്ധിനഗറിന് സമീപത്തെ ചെക്കുഡാമിന് സമീപത്തുനിന്നു തുർക്കി ജീവൻ രക്ഷാസമിതി പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സുരേന്ദ്രനെ കാണാതായത്. തുടർന്ന് രാത്രി വരെ തെരച്ചിൽ നടത്തി. വ്യാഴാഴ്ച രാവിലെ വീണ്ടും തെരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. എൻഡിആർഎഫ്, ഫയർ ഫോഴ്സ്, തുർക്കി ജീവൻ രക്ഷാസമിതി, പൾസ് എമർജൻസി ടീം എന്നിവർ തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഉച്ചയ്ക്ക് ശേഷം മൃതദേഹം കണ്ടെത്തിയത്.

അപകടമുണ്ടായി എന്ന് സംശയിക്കപ്പെടുന്ന സ്ഥലത്ത് കനമുള്ള എന്തോ വസ്തു പുല്ലിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ അടയാളമുണ്ടായിരുന്നു. ഈ സ്ഥലത്ത് നിന്നും സുരേന്ദ്രന്റെ കരച്ചില്‍ കേട്ടതായും നാട്ടുകാര്‍ പറയുന്നുണ്ട് രാവിലെ സുരേന്ദ്രനെ വലിച്ചിഴച്ചെന്ന പറയുന്ന സ്ഥലത്ത് നിന്ന് നൂറ് മീറ്റര്‍ മാറി സുരേന്ദ്രന്റെ വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു. ഷര്‍ട്ടിന്റെ കഴുത്തുഭാഗം കീറിയ നിലയിലായിരുന്നു. 

അതേ സമയം സുരന്ദ്രന്‍ അപകടത്തിൽപ്പെട്ടത്  എങ്ങിനെയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമെ ദുരൂഹത നീക്കാനാവൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജില്ല പൊലീസ് മേധാവി പദം സിങ്, ഡി.വൈ.എസ്.പി അബ്ദുള്‍ ഷെരീഫ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button