എന്നിലേക്ക് വന്ന കഥാപാത്രങ്ങളെയേ ഞാന്‍ തിരഞ്ഞെടുത്തിട്ടുള്ളൂ, അവസരം ചോദിച്ച് പോയിട്ടില്ല,സിനിമാ ജീവിതം തുറന്ന് പറഞ്ഞ് ഗുരുസോമസുന്ദരം
മലയാളത്തിൽ ഒരുപക്ഷെ ഇതാദ്യമാകും ഒരു സിനിമ ചർച്ചയാകുമ്പോൾ നായകനൊപ്പം വില്ലൻ ഇത്രത്തോളം സംസാരവിഷയമാകുന്നത്. മിന്നൽ പോലെ മലയാളത്തിലേക്ക് എത്തിയ സൂപ്പർ ഹീറോ സിനിമ മിന്നൽ മുരളിയുടെ ചർച്ച ഇതുവരെ അവസാനിച്ചിട്ടില്ല. സിനിമ ഇറങ്ങിയ ആദ്യനാളുകളിൽ സിനിമയിലെ വില്ലനായ ഷിബുവും ഉഷയും വളരെയധികം പ്രശംസ അർഹിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കടന്നുപോയതോടെ ചർച്ചയുടെ ഗൗരവം വർധിക്കുകയും ഷിബുവിന്റെ പ്രണയം ടോക്സിക് ആണെന്ന തരത്തിൽ നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ വൈറലായി മാറുകയും ചെയ്തിരുന്നു.
നായകന്മാരുടെ കൈകൊണ്ട് വില്ലന്മാർ കൊല്ലപ്പെടുന്നതുകണ്ട് കൈയടിച്ചിരുന്ന സിനിമാപ്രേക്ഷകരുടെ മനസ്സിലൊരു നൊമ്പരമാണ് മിന്നൽ മുരളിയുടെ എതിരാളിയായ ഷിബു. സാഹചര്യങ്ങളാൽ പ്രതിനായകനായി മാറിയ, പ്രേക്ഷകമനസ്സിന്റെ ഇഷ്ടം പിടിച്ചുവാങ്ങിയ വില്ലൻ. ഇന്ത്യയൊട്ടാകെ മിന്നൽ പ്രഭാവം പടരുമ്പോൾ നിറഞ്ഞ സന്തോഷത്തിലാണ് ചിത്രത്തിൽ ഷിബുവിനെ അവതരിപ്പിച്ച ഗുരു സോമസുന്ദരം.
ഷിബുവിനെ കുറിച്ച് ഗുരു സോമ സുന്ദരത്തിന് പറയാനുള്ളത് ഇതാണ് . “‘ഷിബുവിന്റെയും ഉഷയുടെയും ടോക്‌സിക് പ്രണയമാണെന്ന് ഞാന്‍ കരുതുന്നില്ല. നമ്മള്‍ കണ്ടുമുട്ടുന്ന ഓരോ മനുഷ്യന്റെയും മനസ്സില്‍ എന്താണെന്ന് നമുക്ക് അറിയില്ല.ശാരീരികാരോഗ്യത്തെക്കുറിച്ചുള്ള അവബോധത്തിലുപരി മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഓരോരുത്തരിലും ഉണ്ടാവേണ്ടിയിരിക്കുന്നു.
ശരീരത്തിന് അസുഖം വന്നാല്‍ പെട്ടെന്ന് ആശുപത്രിയില്‍ പോകും എന്നാല്‍ മനസിന് അസുഖം വന്ന് ആശുപത്രിയില്‍ കാണിച്ചാല്‍ അവനൊരു പേര് നല്‍കും ഭ്രാന്തനെന്ന്. അത് ശരിയായ പ്രവണതയല്ല. ഷിബുവിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ അവന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ന്യായമുണ്ട്. ഒന്നേ എനിക്ക് പറയാനുള്ളൂ,മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും എന്നിട്ട് ഇത്തരം ചര്‍ച്ചകള്‍ക്ക് ഞാന്‍ മറുപടി നല്‍കാം.
മലയാള സിനിമയിലേക്ക് തിരിച്ചെത്തിയതിനെ കുറിച്ചും താരം പറയുന്നു. “ഞാനൊരു തീയേറ്റര്‍ നടനാണ്. 12 കൊല്ലത്തോളം ‘കൂത്തു പട്ടരൈ’ തീയേറ്റര്‍ ഗ്രൂപ്പിന്റെ ഭാഗമായി, അവിടെ തന്നെ ഉണ്ട് ഉറങ്ങിയ ജീവിച്ചതാണ്. എന്നിലേക്ക് വന്ന കഥാപാത്രങ്ങളെയേ ഞാന്‍ തിരഞ്ഞെടുത്തിട്ടുള്ളൂ. അവസരം ചോദിച്ച് പോയിട്ടില്ല. അത് ഈഗോ അല്ല, ഞാന്‍ നാടകവും മറ്റുമായി തിരക്കുകളിലായിരുന്നു. ഷൈജു ഖാലിദാണ് ‘അഞ്ചു സുന്ദരികള്‍’ എന്ന ചിത്രത്തിനായി സമീപിക്കുന്നത്. പിന്നീട് ‘കോഹിനൂരി’ല്‍ ഒരു ചെറിയ വേഷം ചെയ്തു. മൂന്നാറില്‍ ശശികുമാര്‍ സാറിന്റെ ഒരു ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്താണ് ബേസിലിന്റെ കോള്‍ വരുന്നത്.
മൂന്നാറിലുണ്ടെന്ന് പറഞ്ഞപ്പോള്‍ ബേസിലും സംഘവും അവിടെയെത്തി കഥ പറഞ്ഞു. അന്നേ എനിക്കുറപ്പുണ്ടായിരുന്നു ഈ സിനിമ വലിയ വിജയമാകുമെന്ന്. പക്ഷേ എനിക്ക് പേടി ഉണ്ടായിരുന്നു, വലിയൊരു കഥാപാത്രമല്ലേ ചെയ്യാനാകുമോ എന്ന്. ഈ വിജയം ഒരു ടീമിന്റെ വിജയമാണ്. അതെനിക്ക് വലിയ ധൈര്യം തരുന്നുണ്ട്. ഇനിയും മലയാളം സിനിമയുടെ ഭാഗമാകും. മോഹന്‍ലാല്‍ സര്‍ സംവിധാനം ചെയ്യുന്ന ‘ബറോസി’ലും ഒരു കഥാപാത്രമായെത്തുന്നുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാന്‍ ആണ്. അദ്ദേഹം പറയുന്ന ആക്ഷന് അഭിനയിക്കാന്‍ പോകുന്നത് ഏറെ ആവേശം പകരുന്നുണ്ട്.”