തുരുവനന്തപുരം: ഇടതുവലതു രാഷ്ട്രീയധാരകളിലൂടെ ആശയപരമായി ഭിന്നധ്രുവങ്ങളിലെങ്കിലും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ വഴിയിലുടനീളം അനുഗമിച്ച് മന്ത്രി വി.എൻ.വാസവൻ. തിരുവനന്തപുരത്തെ പൊതുദർശനങ്ങൾക്കുശേഷം ബുധനാഴ്ച രാവിലെയാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള അലങ്കരിച്ച കെഎസ്‍ആർടിസി ബസ് കോട്ടയത്തേക്കു തിരിച്ചത്.
ഉമ്മൻ ചാണ്ടി തലസ്ഥാന നഗരിയോടു യാത്രചൊല്ലി മടങ്ങുമ്പോൾ തന്റെ ഔദ്യോഗിക വാഹനത്തിലാണു സർക്കാരിന്റെ പ്രതിനിധിയായി സഹകരണ റജിസ്ട്രേഷൻ മന്ത്രി വി.എൻ.വാസവനും വിലാപയാത്രയ്ക്കൊപ്പം ചേർന്നത്. അണമുറിയാത്ത ആൾക്കൂട്ടമാണു കുഞ്ഞൂഞ്ഞിനെ കാണാനായി വഴിയിലൂടനീളം കാത്തുനിൽക്കുന്നതെന്നു വി.എൻ.വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.
‘‘വഴിയോരത്തെല്ലാം ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാനും പുഷ്പാർച്ചന നടത്താനുമെല്ലാം വലിയ തിരക്കാണ്. അതിനാൽ വളരെ പതുക്കെയാണു വിലാപയാത്ര മുന്നോട്ടു പോകുന്നത്. വലിയ ജനക്കൂട്ടമാണ് എല്ലായിടത്തും. കോട്ടയം ജില്ലയുടെ ചുമതലക്കാരനായ മന്ത്രിയെന്നും നിലയ്ക്കും സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെന്ന നിലയ്ക്കുമാണു ഞാൻ വിലാപയാത്രയെ അനുഗമിക്കുന്നത്. അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും ഈ യാത്രയ്ക്കു കാരണമാണ്. ഉമ്മൻ ചാണ്ടിയോടു യോജിച്ചും വിയോജിച്ചും പ്രവർത്തിച്ചിട്ടുണ്ട്. ഏതു സന്ദർഭത്തിലും അദ്ദേഹത്തോടുള്ള സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു.
ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ അറിഞ്ഞുതുടങ്ങുന്നതു വിദ്യാർഥി രാഷ്ട്രീയകാലത്താണ്. അന്നുമുതൽ സൗഹൃദമുണ്ട്. പരിചയം തുടങ്ങിയതിനു രാഷ്ടിയ കാരണവുമുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ സമയത്താണു ഞാൻ രാഷ്ടീയത്തിൽ സജീവമായി, പാർട്ടിയുടെ ചുമതലകളിൽ എത്തിയത്. അക്കാലത്താണു പള്ളിക്കത്തോട് ലോക്കൽ കമ്മിറ്റി അംഗവും പള്ളിക്കത്തോടും അകലക്കുന്നവും ഒന്നിച്ചുള്ള ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായി പാർട്ടി എനിക്കു ചുമതല നൽകുന്നത്. കമ്യൂണിസ്റ്റ് പാർട്ടി അവിടെ ആദ്യമായി പഞ്ചായത്ത് ഭരണം പിടിച്ചത് അന്നാണ്.
കേരള കോൺഗ്രസ് ആദ്യമായി ഇടതുപക്ഷ മുന്നണിക്കൊപ്പം മത്സരിക്കാൻ എത്തുന്നത് പള്ളിക്കത്തോട്ടിലായിരുന്നു. ആ രാഷ്ട്രീയ പരീക്ഷണമാണ് അവിടെ വിജയിച്ചത്. പള്ളിക്കത്തോട്ടിലെ വിജയത്തിനു പിന്നിലെ ആളെ താൻ അന്വേഷിച്ചിരുന്നുവെന്ന് പിന്നീട് ഒരിക്കൽ ഉമ്മൻ ചാണ്ടി എന്നോടു പറഞ്ഞു. തന്റെ നാട്ടിൽ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമമായിരുന്നു അത്.
പിന്നീട് ഉമ്മൻ ചാണ്ടിക്കൊപ്പം പ്രവർത്തിക്കാനുള്ള സാഹചര്യവുമുണ്ടായി. അവർ ഇടതുമുന്നണിയുടെ ഭാഗമായി എത്തിയപ്പോഴാണത്. ഇന്ദിരാ കോൺഗ്രസിനെതിരായ ചേരിയിൽ നിലയുറപ്പിച്ച് ആന്റണിയും കൂട്ടരും കോൺഗ്രസിൽനിന്ന് മാറി കോൺഗ്രസ് (യു) വിഭാഗമായി നിലകൊണ്ടു. ഇതാണ് പിന്നീട് എ വിഭാഗമായി മാറിയത്.
1980ൽ പുതുപ്പള്ളി മണ്ഡലത്തിൽ ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ ഞാൻ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായിരുന്നു. ഒരിക്കൽ രാത്രി 12ന് ഉമ്മൻ ചാണ്ടി എന്നെ വിളിച്ച് വീടുകയറാൻ പോകാനായി ചെല്ലാൻ പറഞ്ഞു. ഈ രാത്രി ചെന്ന് ഉറക്കത്തിൽനിന്നു വിളിച്ചെഴുന്നേൽപ്പിച്ചാൽ ചിലർക്കെങ്കിലും ദേഷ്യം വരില്ലേ എന്നു ഞാൻ ചോദിച്ചു. ചിലപ്പോ ഇച്ചിരി ദേഷ്യം തോന്നുമായിരിക്കും. എങ്കിലും സ്ഥാനാർഥി ഞങ്ങളെയും കാണാൻ വന്നു, വോട്ട് ചോദിച്ചു എന്നത് അവർ മറക്കില്ല എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. അന്ന് ഞങ്ങൾ പുലർച്ചെ 3 വരെ വീടുകയറി. ഒരാളെപ്പോലും ഒഴിവാക്കാതെ എല്ലായിടത്തും ഓടിയെത്തണമെന്ന എനിക്കുള്ള പാഠമായിരുന്നു അത്.
ഉമ്മൻ ചാണ്ടിക്കു വേണ്ടി വീടുകയറി പ്രചാരണം നടത്തിയ താൻ പിന്നീട് എതിരാളിയായി മത്സരിച്ചിട്ടുമുണ്ട്. 1987ലും 1991ലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചത് പാർട്ടി ഏൽപ്പിച്ച രാഷ്ട്രീയ ഉത്തരവാദിത്തമായിരുന്നു. കൃത്യമായ രാഷ്ട്രീയ പോരാട്ടമായിരുന്നു ആ മത്സരങ്ങൾ.
ഇടതുമുന്നണിയുടെ രാഷ്ട്രീയ കരുത്തിനെ മറികടക്കാനായി നിന്നത് കോൺഗ്രസ് എന്ന പാർട്ടിയോ യുഡിഎഫ് എന്ന മുന്നണിയോ അല്ല; ഉമ്മൻചാണ്ടി എന്ന വ്യക്തിത്വമായിരുന്നു. പുതുപ്പള്ളിയിൽ തോറ്റെങ്കിലും ആ തിരഞ്ഞെടുപ്പു പാഠങ്ങൾ എന്റെ രാഷ്ട്രീയ ജീവിതത്തെ ഒരുപാടു സ്വാധീനിച്ചു. രാഷ്ട്രീയമായി എതിർചേരിയിൽ നിൽക്കുമ്പോഴും മികച്ച വ്യക്തിബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. അത് തകരാതെ സൂക്ഷിക്കുന്നതിൽ അദ്ദേഹവും ശ്രദ്ധിച്ചു.
എതിർചേരിയിലെ രാഷ്ട്രീയ നേതാവിന്റെ വിലാപയാത്രയെ ഒരു മന്ത്രി ഇത്തരത്തിൽ അനുഗമിക്കുന്നത് കേരളത്തിൽ ആദ്യമായിട്ടായിരിക്കാം. പുതുപ്പള്ളി മണ്ഡലത്തിലാണു ഞാൻ താമസിക്കുന്നത്. അദ്ദേഹവുമായുള്ള മികച്ച ആത്മബന്ധത്തിന്റെ ഭാഗമായിക്കൂടിയാണ് എന്റെ യാത്ര.
രാഷ്ട്രീയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളും ഉള്ളപ്പോഴും വ്യക്തിബന്ധങ്ങൾ തകർക്കേണ്ടതില്ലല്ലോ? ഏതു കാലത്തും ഞങ്ങൾക്കിടയിൽ പരസ്പര സ്നേഹവും ബഹുമാനവും നിലനിന്നിരുന്നു. 2 പ്രാവശ്യം മുഖ്യന്ത്രിയായിരുന്ന, 53 വർഷത്തോളം നിയമസഭയിൽ ഒരു മണ്ഡലത്തെമാത്രം പ്രതിനിധാനം ചെയ്ത രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ കാണാനായി സ്വാഭാവികമായി വലിയ ജനക്കൂട്ടമുണ്ടാകും.