തിരുവനന്തപുരം : സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറക്കാൻ കർശന നടപടികളിലേക്ക് ഗതാഗത വകുപ്പ്. സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസം പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. അശ്രദ്ധമായി വണ്ടി ഓടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ മൂന്ന് മാസം പെർമിറ്റ് റദ്ദാക്കും.
സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ഉടമകൾ ബസിൽ നമ്പർ പ്രസിദ്ധീകരിക്കണം. ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് ചെയ്യും. ബസ് ഉടമകളുടെ സൊസെറ്റി ഇത് ചെയ്യണം.
പെർമിറ്റ് എടുത്തിരിക്കുന്ന സ്വകാര്യ ബസുകൾ ലാസ്റ്റ് ട്രിപ്പ് നിർബന്ധമായി ഓടണം. ഒരു വണ്ടിയെങ്കിലും ഓടണം. ഇല്ലെങ്കിൽ പെർമിറ്റ് ക്യാൻസൽ ചെയ്യണം. മാർച്ച് മാസത്തിനുള്ളിൽ ബസിൽ ക്യാമറ സ്ഥാപിക്കണം.
കഴിഞ്ഞ ദിവസം അപകടമരണമുണ്ടായ പാലക്കാട് പനയമ്പാടത്ത് വേഗത കുറയ്ക്കാനുള്ള നടപടികൾ തുടങ്ങിയതായി മന്ത്രി അറിയിച്ചു. സ്ഥലത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കും. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡർ സ്ഥാപിക്കാൻ ഒരു കോടി രൂപ നാഷണൽ ഹൈവേ അതോരിറ്റി അനുവദിക്കും. ഊരാളുങ്കൽ സൊസൈറ്റി പണി ഏൽപ്പിക്കും. പാലക്കാട് ഐഐടിയുടെ 5 ശുപാർശ നടപ്പാക്കും. മുണ്ടൂർ റോഡിലും എംവിഡി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തും.
അടുത്ത ചൊവ്വാഴ്ചക്കു മുമ്പ് പിഡബ്ല്യൂഡി എസ്റ്റിമേറ്റ് സമർപ്പിക്കും. പാലക്കാടിനും-കോഴിക്കോടിനുമിടയിൽ 16 സ്ഥലങ്ങളിൽ ബ്ലാക്ക് സ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ എൻഎച്ച്എ മാറ്റം വരുത്തും. ഡിസൈൻ ചെയ്യുന്നവരാണ് ബ്ലാക്ക് സ്പോട്ട് ഉണ്ടാക്കുന്നത്. പനയം പാടത്ത് വിവിധ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് കൃത്യമായി ശ്രദ്ധിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.