മിൽമ പാൽ വിലകൂട്ടി; വില വർധന പച്ച, മഞ്ഞ കവറിലുള്ള പാലിന്; അറിഞ്ഞില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പാലിന് വില വർധിപ്പിച്ച് മിൽമ. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് ഒരു രൂപ വീതം വർധിപ്പിച്ചത്. ഇതോടെ അരലിറ്റർ റിച്ച് പാലിന് 29 രൂപയിൽ നിന്ന് 30 രൂപയായി വർധിച്ചു. സ്മാർട് പാലിന് 24 രൂപയിൽ നിന്നും 25 ആയി വർധിച്ചു. അതേസമയം നീല കവറിലുള്ള പാലിന് വില കൂട്ടിയിട്ടില്ല.
റീ പൊസിഷനിങ്ങിന്റെ ഭാഗമായി വില ഏകീകരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വില വർധിപ്പിച്ചതെന്നാണ് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കിയത്. അതേസമയം, 29 രൂപ, 24 രൂപ എന്നിങ്ങനെ പാലിന് വില നൽകുമ്പോൾ ബാക്കി വരുന്ന ചില്ലറയുടെ പ്രശ്നവും വിൽപ്പനക്കാർ വ്യാപകമായി പരാതി ഉന്നയിച്ചിരുന്നുവെന്നും ഇതും കണക്കിലെടുത്തു കൊണ്ടായിരുന്നും വില വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരം ചേർന്ന യോഗത്തിലാണ് വില ഏകീകരണത്തിന്റെ ഭാഗമായി ഒരു രൂപ വീതം കൂട്ടിയത്. ബുധനാഴ്ചയോടെ ഇത് വിപണിയിൽ പ്രകടമാകുമെന്നാണ് വിവരം. എന്നാൽ ചുരുങ്ങിയ അളവിൽ മാത്രം വിറ്റുപോകുന്ന പാലാണ് ഇവരണ്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാൽ വിലവർധിപ്പിച്ച കാര്യം അറിഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രതികരണം.