ന്യൂഡൽഹി: മുംബൈയിൽ സ്ത്രീയുടെ മരണത്തിനിടയാക്കിയ ബിഎംഡബ്ല്യൂ കാർ അപകടത്തിൽ മുഖ്യപ്രതി മിഹിർ ഷാ അറസ്റ്റിൽ. ഇയാളുടെ അമ്മയേയും രണ്ട് സഹോദരിമാരേയും നേരത്തെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെ മിഹിർ ഷായേയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
സംഭവം നടന്ന് 72 മണിക്കൂറിന് ശേഷമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ശിവസേന – ഏക്നാഥ് ഷിന്ദെപക്ഷ നേതാവായ രാജേഷ് ഷായുടെ മകനാണ് മിഹിർ ഷാ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചുവെന്ന കുറ്റത്തിനാണ് ഇയാളുടെ മാതാവിനേയും സഹോദരിമാരേയും പോലീസ് കസ്റ്റഡിയിൽ എടുത്തത്.
അപകടസമയത്ത് പ്രതിയായിരുന്നു കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. ജുഹുവിലെ ബാറിൽ നാല് സുഹൃത്തുക്കളുമൊത്ത് പാർട്ടി കഴിഞ്ഞ് തിരിച്ചു മടങ്ങും വഴിയായിരുന്നു അപകടം ഉണ്ടായത്. പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. ഇയാൾ ഓടിച്ചിരുന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. 18,730 രൂപ ബാറിൽ പരിപാടിക്കായി ഇയാൾ മുടക്കിയെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. ഷാ പുരിൽ നിന്ന് പിടിയിലായ മൂന്ന് സ്ത്രീകളെ കേസിൽ പ്രതിചേർക്കണോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. പാർട്ടി നടന്ന ബാർ പോലീസ് അടച്ചു പൂട്ടിയിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വര്‍ളിയിലാണ് അപകടമുണ്ടായത്. ശിവസേന ഷിന്ദേ വിഭാഗം നേതാവായ രാജേഷ് ഷായുടെ മകനായ മിഹിര്‍ ഷായാണ് ബി.എം.ഡബ്ല്യൂ കാര്‍ ഓടിച്ചിരുന്നത്. ഇവരുടെ ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ മരിച്ച കാവേരിയും ഭര്‍ത്താവ് പ്രദീക്കും സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു.
അമിതവേഗത്തിലെത്തിയ ബി.എം.ഡബ്ല്യൂ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാരെ ഇടിച്ചിട്ടു. കാറിനടിയില്‍ കുടുങ്ങിയ കാവേരിയുമായി ഒന്നരക്കിലോമീറ്ററോളം ദൂരമാണ് മിഹിര്‍ ഷാ വാഹനമോടിച്ചത്. ഇതിനുശേഷം വാഹനം നിര്‍ത്തിയ പ്രതി കാറില്‍നിന്നിറങ്ങി കുരുങ്ങികിടക്കുകയായിരുന്ന കാവേരിയെ റോഡിലേക്ക് കിടത്തി. തുടര്‍ന്ന് ഡ്രൈവറാണ് വാഹനമോടിച്ചത്. ഇയാള്‍ വാഹനം പിറകിലേക്കെടുത്ത് വീണ്ടും സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയെന്നും പോലീസ് പറയുന്നു.