3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സക്കർബർഗ്
സാന്‍ഫ്രാന്‍സിസ്‌കോ : ഏകദേശം 3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാത്തതിന്റെ പേരിലാണ് ജീവനക്കാര്‍ക്കെതിരേയുള്ള നടപടി. പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് പകരം പുതിയ ആളുകളെ നിയമിക്കുമെന്ന് മെറ്റ വ്യക്തമാക്കിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം വാട്ട്സാപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉൾപ്പെടെയുള്ള മെറ്റക്ക് കീഴിലുള്ള ആകെ ജീവനക്കാരുടെ അഞ്ച് ശതമാനത്തിനെയാണ് ഇത് ബാധിക്കുകയെന്ന് മെറ്റ എ.എഫ്.പിയോട് സ്ഥിരീകരിച്ചു. പെര്‍ഫോമന്‍സ് മാനേജ്‌മെന്‍റ് പ്രോസസ് മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മെറ്റയുടെ നീക്കം. മോശം പ്രകടനം കാഴ്ചവെക്കുന്ന തൊഴിലാളികളെയാണ് പറഞ്ഞുവിടുന്നത് എന്നാണ് സക്കര്‍ബര്‍ബര്‍ഗിന്‍റെ വിശദീകരണം എന്ന് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 10,000 ജീവനക്കാരെ ഒഴിവാക്കാന്‍ 2023ല്‍ മെറ്റ തീരുമാനിച്ചിരുന്നു. 2022, 2023 കാലത്ത് 21,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം മെറ്റയുടെ ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപടിയാണ് വരാനിരിക്കുന്നത്. സങ്കീര്‍ണമായ വര്‍ഷമായിരിക്കും 2025 എന്നാണ് മെറ്റ ജീവനക്കാര്‍ക്ക് സക്കര്‍ബര്‍ഗ് നല്‍കുന്ന മുന്നറിയിപ്പ്. തൊഴില്‍ നഷ്ടമായ ജീവനക്കാര്‍ ആരൊക്കെയെന്ന് ഫെബ്രുവരി 10ന് മെറ്റ അറിയിക്കും.
നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി മെറ്റയ്ക്കുള്ളില്‍ വലിയ മാറ്റങ്ങള്‍ മാര്‍ക് സക്കര്‍ബര്‍ഗ് പദ്ധതിയിടുന്നുണ്ട്. യുഎസില്‍ തേഡ്-പാര്‍ട്ടി ഫാക്ട് ചെക്കിംഗ് പ്രോഗ്രാം അവസാനിപ്പിക്കുന്നതായി മെറ്റ അടുത്തിടെ അറിയിച്ചിരുന്നു. ഇലോണ്‍ മസ്‌കിന്‍റെ എക്‌സില്‍ (പഴയ ട്വിറ്റര്‍) ഉള്ളതുപോലുള്ള കമ്മ്യൂണിറ്റി നോട്ട് സംവിധാനമാകും ഇതിന് പകരം ഫേസ്ബുക്കില്‍ വരിക.
പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കൂട്ടപ്പിരിച്ചുവിടലുകള്‍ കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ ഭാഗമാണ്. അടുത്തിടെ ആകെയുള്ളതില്‍ ഒരു ശതമാനം ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു.