‘ഉള്ളതല്ലേ…നല്ല സിനിമയാണ്’ ദി കേരള സ്റ്റോറി കണ്ടിറങ്ങി മേനക സുരേഷ്
തിരുവനന്തപുരം:പ്രതിഷേധങ്ങൾക്ക് നടുവിൽ ‘ദി കേരളാ സ്റ്റോറി’ ഇന്നലെ സംസ്ഥാനത്തെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു. സുദീപ്ദോ സെൻ സംവിധാനം ചെയ്ത് വിപുൽ അമ്രുത്ലാൽ ഷാ നിർമ്മിച്ച ചിത്രത്തോട് തണുപ്പൻ സമീപനമാണ് പ്രേക്ഷകർ പുലർത്തുന്നത്. സിനിമ കണ്ടിറങ്ങിയ നടി മേനക സുരേഷിന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
‘നല്ല സിനിമയാണ്. പത്രത്തിലും ടിവിയിലും എല്ലാം കാണുന്ന സംഭവങ്ങളല്ലേ. നമ്മുടെ അയൽപക്കങ്ങളിലും സുഹൃത്തുക്കളുടെ അടുത്തുനിന്നും കേൾക്കുന്നത് തന്നെയാണ് ഇതെല്ലാം. സിനിമ പറയുന്നത് വസ്തുതകളാണ്,’ മേനക സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വലിയ വിവാദങ്ങൾ ഉണ്ടാകുമ്പോൾ, സിനിമ കാണാൻ നിരവധിപേർ തിയേറ്ററുകളിലേയ്ക്ക് ഒഴുകിയെത്തുന്ന കാഴ്ച എവിടെയും കാണാനില്ലായിരുന്നു. ആദ്യ ദിവസത്തെ പ്രദർശനങ്ങളിൽ സിനിമയെ പിന്തുണയ്ക്കുന്നവരായിരുന്നു കാണികളായി എത്തിയവരിൽ ഭൂരിഭാഗവും. കേരളത്തിൻ്റെ യഥാർത്ഥ കഥയാണ് സിനിമയെന്നാണ് ഒരുവിഭാഗം പറയുന്നത്. എന്നാൽ സംസ്ഥാനത്തിന് പുറത്തുള്ളവരെ കേരളത്തേക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് സിനിമ ചെയ്യുന്നതെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു.