
കോട്ടയം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപണം ഉന്നയിച്ച യുവാവ് ഒളിവിലെന്നു സ്ഥിരീകരിച്ച് പൊലീസ്.
മേഘയുടെ സഹപ്രവർത്തകനും എടപ്പാൾ സ്വദേശിയുമായ സുകാന്ത് സുരേഷാണ് ഒളിവില്‍ പോയതായി പൊലീസ് സ്ഥിരീകരിച്ചത്. ഓഫിസിലും മലപ്പുറത്തെ വീട്ടിലും തിരച്ചിൽ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ലെന്നും ഫോൺ ഓഫാണെന്നും പൊലീസ് അറിയിച്ചു. മേഘയെ അവസാനമായി ഫോണിൽ വിളിച്ചതും സുകാന്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
എട്ട് മിനിറ്റ് ഇരുവരും സംസാരിച്ചതിന്റെ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. മേഘയുടെ കുടുംബം ആരോപിച്ചതു പോലെ ശമ്പളത്തിന്റെ ഒരു ഭാഗം പലപ്പോഴും സുകാന്തിന്റെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നതായും സ്ഥിരീകരണം ഉണ്ട്.
ഈഞ്ചയ്ക്കൽ പരക്കുടിയിൽ വാടകയ്ക്കു താമസിക്കുന്ന പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകൾ മേഘയെ മാർച്ച് 24നാണ് പേട്ട റെയിൽവേ മേൽപാലത്തിനു സമീപത്തെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്.