KeralaNews

പോത്തീസ് കക്കൂസ് മാലിന്യം ഓടയിലേക്ക്,കർശന നടപടിയുമായി മേയർ ആര്യ, കേസെടുക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നെന്ന പരാതിയിൽ പോത്തീസ് സ്വർണ മഹൽ ജ്വല്ലറിക്കെതിരെ നടപടിയെടുക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ആയുർവേദ കോളേജിന് സമീപമുള്ള പോത്തീസ് സ്വർണ മഹൽ എന്ന സ്ഥാപനത്തിൽ നിന്ന് കക്കൂസ് മാലിന്യം ഓടയിൽ ഒഴുക്കുന്ന വീഡിയോയും പരാതിയും വാട്സാപ്പിൽ ലഭിച്ചതിനെ തുടർന്നാണ് നടപടി. പരാതി ലഭിച്ചതിന് പിന്നാലെ നഗരസഭ ഉദ്യോഗസ്ഥർ സ്വർണ മഹലിൽ പരിശോധന നടത്തിയിരുന്നു.

പോത്തീസ് സ്വർണ മഹലിന് പുറമേ ഓടയിലേക്ക് കക്കൂസ് മാലിന്യം തള്ളിയ അട്ടക്കുളങ്ങര രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർശന നടപടികൾ സ്വീകരിക്കുവാൻ മേയർ പൊലീസിന് കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രിയുടെ മറവിൽ വാഹനങ്ങളിൽ മാലിന്യം തള്ളാൻ വന്നവർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കാൻ നഗരസഭ കത്ത് നൽകിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു.

ഹെൽത്ത് സ്ക്വാഡിന്റെ പരിശോധനയിൽ അട്ടക്കുളങ്ങരയിൽ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ നിന്ന് കക്കൂസ് മാലിന്യം കെആര്‍എഫ്ബിയുടെ ഓടയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തിയിട്ടുണ്ട്.  കക്കൂസ് മാലിന്യമടക്കം പൊതുവിടത്തിൽ ഒഴുക്കുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഓടയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നിയമപരമായ എല്ലാ നടപടികളും വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുമെന്നും പൊതു ഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനാണ് ഇത്തരം ശക്തമായ നടപടികൾ സ്വീകരിക്കുന്നതെന്നും മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker