പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയി. 17 ജീവനക്കാര്‍ അവധിയെടുത്ത് വിനോദയാത്ര പോയെന്നാണ് ആരോപണം. സംഭവം പരിശോധിക്കുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍ പ്രതികരിച്ചു.
ആകെ 63 ജീവനക്കാരുള്ള കോന്നി താലൂക്ക് ഓഫീസിലെ 39 പേരാണ് വെള്ളിയാഴ്ച അവധിയെടുത്തത്. ഇതില്‍ 17 പേര്‍ ഔദ്യോഗികമായി അവധിക്ക് അപേക്ഷിച്ച് ടൂര്‍ പോവുകയായിരുന്നു. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ ടൂര്‍ സംഘത്തിലുണ്ട്. ബാക്കി 22 പേര്‍ അനധികൃതമായി അവധിയില്‍ പ്രവേശിച്ചതായാണ് വിവരം.
വിവിധ ആവശ്യങ്ങളുമായി നിരവധി പേര്‍ താലൂക്ക് ഓഫീസിലെത്തിയെങ്കിലും മിക്ക സീറ്റുകളും കാലിയായിരുന്നു. ഇതോടെ ഇക്കാര്യത്തില്‍ പരാതി ഉയര്‍ന്നു. തുടര്‍ന്ന് കെ.യു. ജനിഷ്‌കുമാര്‍ എം.എല്‍.എ. നേരിട്ട് താലൂക്ക് ഓഫീസിലെത്തുകയും ജീവനക്കാരുടെ ഹാജര്‍നില പരിശോധിക്കുകയും ചെയ്തു. ഇതില്‍നിന്നാണ് ആകെ 39 പേര്‍ അനധികൃതമായും വിനോദയാത്ര പോകാനുമൊക്കെയി അവധിയെടുത്തെന്ന് മനസ്സിലാക്കിയത്. അതിനിടെ ഒപ്പിട്ട ചിലര്‍ ഓഫീസിലുണ്ടായിരുന്നില്ല എന്നതും കണ്ടെത്തി. ഇതോടെ ജനിഷ് കുമാര്‍ നേരിട്ട് റവന്യൂ മന്ത്രിയെ വിവരമറിയിക്കുകയായിരുന്നു.
കൂട്ട അവധിയെടുത്തത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരെ ചുമതലപ്പെടുത്തിയതായി റവന്യൂ മന്ത്രി അറിയിച്ചു. അഞ്ചുദിവസമാണ് അന്വേഷണ റിപ്പോര്‍ട്ടിനായി നല്‍കിയിരിക്കുന്ന സമയം. ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടായിരിക്കില്ലെന്നും കെ. രാജന്‍ വ്യക്തമാക്കി.