KeralaNews

മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ ഹാജരാക്കാതെ കുഴൽനാടൻ;മാസപ്പടി കേസിൽ മേയ് മൂന്നിന് വിധി

തിരുവനന്തപുരം: മാസപ്പടി വിവാദ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടൻ എം.എൽ.എ ഹാജരാക്കിയില്ല. മന്ത്രിസഭാ യോഗത്തിന്റെ മിനുട്‌സ് മാത്രമാണ് മാത്യു കുഴൽനാടൻ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയത്. ഹർജിയിൽ കോടതി മേയ് മൂന്നിന് വിധി പ്രഖ്യാപിക്കും.

വിജിലൻസിനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നായിരുന്നു മാത്യു കുഴൽനാടൻ ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് കേസിൽ കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന് കുഴൽനാടൻ നിലപാട് മാറ്റി.

ഇതിന് പിന്നാലെ കോടിക്കണക്കിനു രൂപയുടെ ധാതുമണൽ തുച്ഛമായ വിലയ്ക്ക് കർത്തയ്ക്കു നൽകിയതിലെ മുഖ്യമന്ത്രിയുടെ ഇടപെടൽ വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കാൻ കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, മന്ത്രിസഭാ യോഗത്തിന്റെ മിനുട്‌സ് മാത്രമാണ് മാത്യു ഹാജരാക്കിയത്.

സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ കോടതിയ്ക്ക് തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചു. ഇതിന് പുറമെ റവന്യു രേഖകളും വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

ധാതുമണൽ ഖനനത്തിനു സിഎംആർഎൽ കമ്പനിക്കു വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകൾക്ക് സിഎംആർഎൽ കമ്പനി മാസപ്പടി കൊടുത്തുവെന്നാണ് മാത്യു കുഴൽനാടൻ ഹർജിയിൽ ആരോപിക്കുന്നത്. എന്നാൽ, ഹർജി നിലനിൽക്കില്ലെന്നാണ് വിജിലൻസ് തുടക്കം മുതൽ സ്വീകരിച്ച നിലപാട്. ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് സ്വീകരിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker