CrimeHome-bannerKeralaNews

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒരാൾ അറസ്റ്റിൽ

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായി കുട്ടി മുദ്രാവാക്യംവിളിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയാണ് കസ്റ്റഡിയിലായത്. റാലിക്കിടയില്‍ ഇയാളാണ് കുട്ടിയെ തോളിലേറ്റിയതെന്നാണ് സൂചന. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാസെക്രട്ടറിയും പ്രസിഡന്റും കേസില്‍ പ്രതികളാകും. കുട്ടിയുടെ മാതാപിതാക്കളേയും കേസില്‍ പ്രതികളാക്കാനുള്ള സാധ്യതയുണ്ട്.

നേരത്ത, സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് കേസ് എടുത്തിരുന്നു. 153 എ പ്രകാരം പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് മതസ്പര്‍ധ വളര്‍ത്തിയതിനാണ് കേസ്. കുട്ടിയെ റാലിയില്‍ എത്തിച്ചവര്‍ക്കെതിരേയും സംഘാടകര്‍ക്കെതിരേയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ റാലിക്കിടെയാണു പത്തുവയസ്സുപോലും തോന്നിക്കാത്ത കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചത്. മറ്റൊരാളുടെ ചുമലിലിരുന്നു കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിച്ചതു സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോയിതെന്നു രഹസ്യാന്വേഷണവിഭാഗം പരിശോധിക്കും.

കേന്ദ്ര ഏജന്‍സികളും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുതേടിയെന്നാണു വിവരം. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. മുദ്രാവാക്യംവിളിക്കുന്ന കുട്ടിയെയും മാതാപിതാക്കളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനസെക്രട്ടറി സി.എ. റൗഫ് പ്രതികരിച്ചു.

കുട്ടികളെ രാഷ്ട്രീയറാലികളില്‍ പങ്കെടുപ്പിക്കുന്നതും മുദ്രാവാക്യങ്ങള്‍ വിളിപ്പിക്കുന്നതും തടയേണ്ടതല്ലേയെന്ന് ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടത്തിയ ജനമഹാസമ്മേളനത്തില്‍ പങ്കെടുത്ത കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച സാഹചര്യത്തിലാണ് കോടതിയുടെ പരാമര്‍ശം. പോക്‌സോ കേസ് പരിഗണിക്കുകയായിരുന്നു കോടതി.

കുട്ടികളെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയപ്രവണതയായി മാറിയിരിക്കുകയാണ്. ഈ കുട്ടികള്‍ വളരുമ്പോള്‍ എങ്ങനെയായിരിക്കും അവരുടെ മനസ്സ് രൂപപ്പെടുകയെന്നും കോടതി ആശ്ചര്യപ്പെട്ടു. കുട്ടികളെ രാഷ്ട്രീയ, മത റാലികളില്‍ പങ്കെടുപ്പിക്കുന്നത് അഭികാമ്യമാണോയെന്നും കോടതി ചോദിച്ചു.

കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച നടപടി ഗുരുതര വിഷയമാണെന്ന് ബി.ജെ.പി.വിഷയം കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷിക്കുന്നുണ്ടെന്ന് ദേശീയ വക്താവ് ടോം വടക്കന്‍ ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കണം. നടപടിയെടുത്തില്ലെങ്കില്‍ കേരളം കശ്മീര്‍പോലെയാകും. കശ്മീരിലും പലസ്തീനിലും ഉണ്ടായ സംഭവങ്ങള്‍ക്ക് സമാനമാണ് കേരളത്തില്‍ നടക്കുന്നത്. പൊതുസ്ഥലങ്ങളില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഇടതുസര്‍ക്കാര്‍ വോട്ടുബാങ്ക് ലക്ഷ്യമിട്ട് മൗനത്തിലാണ്. കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് കരുതിക്കൂട്ടിയാണ്. രാജ്യവിരുദ്ധ മുദ്രാവാക്യമാണ് വിളിപ്പിച്ചത്’ -വടക്കന്‍ പറഞ്ഞു.

പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ ശക്തമായ നടപടി എടുക്കണമെന്ന് എ.ഐ.വൈ.എഫ്. സംസ്ഥാന കമ്മിറ്റി. കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച് നിയമനടപടികളില്‍ നിന്ന് രക്ഷപ്പപ്പെടാനുള്ള ഗൂഢശ്രമമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നത്. ഉത്തരവാദികളായ നേതാക്കളെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്ന് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണും സെക്രട്ടറി ടി.ടി. ജിസ്മോനും ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker