കോഴിക്കോട്:ഒരാഴ്ച മുമ്പാണ് എഴുത്തിന്റെ കുലപതി എംടി വാസുദേവൻ നായരെ മലയാളിക്ക് നഷ്ടമായത്. വാക്കുകള്‍ ചേര്‍ത്തുവെച്ച് നക്ഷത്രങ്ങളുണ്ടാക്കി മലയാളത്തെ വിസ്മയിപ്പിച്ച മഹാനായ എഴുത്തുകാരന്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയിലായിരുന്നു കേരളം.
എന്നാൽ പ്രാർത്ഥനകൾ വിഫലമാക്കി പ്രിയ എഴുത്തുകാരൻ മടങ്ങി. മലയാള സാഹിത്യ ലോകത്തും സിനിമയിലും എല്ലാം നിറഞ്ഞ് നിൽക്കുന്ന പ്രതിഭകളെല്ലാം എംടിയെ അവസാനമായി കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി എത്തിയിരുന്നു.
മോഹൻലാൽ അടക്കമുള്ളവർ എംടിയുടെ കോഴിക്കോടുള്ള വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിക്കുന്ന വീഡിയോകൾ വൈറലായിരുന്നു. എന്നാൽ എംടിക്ക് ഏറെ പ്രിയപ്പെട്ട ശിഷ്യൻ മമ്മൂട്ടിക്ക് മാത്രം എത്താൻ കഴിഞ്ഞില്ല. ഒരാഴ്ച മുമ്പ് അദ്ദേഹം ഷൂട്ടിങിനായി അസർബൈജാനിലായിരുന്നു.
മമ്മൂട്ടി അസർബൈജാനിൽ എത്തി ഷൂട്ടിങിന് ജോയിൻ ചെയ്തതിന് പിന്നാലെയാണ് എംടിയുടെ ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്താനും അവസാനമായി ഒരു നോക്ക് കാണാനും മമ്മൂട്ടി ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ വിമാന അപകടം നടന്നതും നാട്ടിലേക്ക് എത്താനുള്ള ഫ്ലൈറ്റ് ലഭിക്കാതെയുമായതോടെയാണ് താരത്തിന് സംസ്കാര ചടങ്ങുകളിൽ എത്താൻ കഴിയാതെ പോയത്.
ഇപ്പോഴിതാ നാട്ടിൽ തിരിച്ചെത്തിയ ഉടൻ എംടിയുടെ വീട്ടിലേക്ക് മമ്മൂട്ടി ഓടി എത്തി. കോഴിക്കോട് നടക്കാവ് കൊട്ടരം റോഡിലുള്ള എംടിയുടെ വസതിയായ സിത്താരയിലേക്ക് മമ്മൂട്ടി എത്തുന്നതിന്റെയും കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിന്റെയും വീഡിയോ വൈറലാണ്. എംടിയുടെ ഭാര്യയും മകളും മരുമകനും കൊച്ചുമക്കളുമെല്ലാം ചേർന്നാണ് എംടിയെ സ്വീകരിച്ചത്.
മമ്മൂട്ടിക്കൊപ്പം നടനും സംവിധായകനുമായ രമേഷ് പിഷാരടിയുമുണ്ടായിരുന്നു. സന്ദർശനം കഴിഞ്ഞ് മടങ്ങവെ മാധ്യമങ്ങളോട് മമ്മൂട്ടി പ്രതികരിച്ചു. പുതുവത്സര ആശംസകൾ നേർന്നുകൊണ്ടാണ് താരം സംസാരിച്ച് തുടങ്ങിയത്. എംടിയുമായുള്ള അടുപ്പത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പോയിട്ട് പത്ത് ദിവസമായി. മറക്കാൻ പറ്റാത്തതിനാലാണ് വന്നത്. അത്രയേയുള്ളു എന്നായിരുന്നു പ്രതികരണം. ഡിസംബർ 25നാണ് മലയാളത്തിന്റെ പ്രിയ കഥാകാരൻ എംടി വിട പറഞ്ഞത്.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്നും ആരും തന്നെ എംടിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. മരണ വിവരം അറിഞ്ഞയുടൻ വൈകാരികമായ കുറിപ്പാണ് മമ്മൂട്ടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു. സ്‌നേഹിതനെപ്പോലെ സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍ ആ മനുഷ്യന്റെ മകനാണ് ഞാനെന്ന് എനിക്ക് തോന്നി.
ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു.
ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. ഒരു വടക്കരന്‍ വീരഗാഥ, ഉത്തരം, അടിയൊഴുക്കുകള്‍, സുകൃതം, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ തുടങ്ങി എം.ടി വാസുദേവന്‍ നായര്‍ രചിച്ച ഒട്ടേറെ ചലച്ചിത്രങ്ങളില്‍ മമ്മൂട്ടി നായകനായി ഹിറ്റുകൾ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈയില്‍ കൊച്ചിയില്‍ നടന്ന എം.ടിയുടെ 91-ാം പിറന്നാളാഘോഷത്തിനിടെ കേക്ക് മുറിച്ച് നല്‍കിയ മമ്മൂട്ടിയെ എം.ടി ആലിംഗനം ചെയ്യുന്ന ചിത്രം വൈറലായിരുന്നു.