മോഹൻലാൽ ദീപം കൊളുത്തി; മമ്മൂട്ടിയും മോഹൻലാലും ഒന്നിയ്ക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
കൊളംബോ: മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കം. ശ്രീലങ്കയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും സിനിമയിൽ ഒന്നിയ്ക്കുന്നത്. പേര് നൽകാത്ത ചിത്രത്തിന്റെ സംവിധാനം മഹേഷ് നാരായണൻ ആണ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ദീപം തെളിയിച്ച് മോഹൻലാൽ ആണ് സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. സഹ നിർമ്മാതാക്കളായ സുഭാഷ് ജോർജ് മാനുവൽ സ്വിച്ച് ഓൺ നിർവ്വഹിച്ചു. സിആർ സലിം ആണ് ആദ്യ ക്ലാപ്പ് നിർവ്വഹിച്ചത്. ചിത്രീകരണത്തിനായി മോഹൻലാൽ നേരത്തെ തന്നെ ശ്രീലങ്കയിൽ എത്തിയുരുന്നു.
ശ്രീലങ്കൻ എയർലൈൻസ് അദ്ദേഹത്തിന് സ്വീകരണം നൽകി കൊണ്ടുള്ള ചിത്രം പങ്കുവച്ചതോടെയാണ് മോഹൻലാൽ ശ്രീലങ്കയിൽ എത്തിയ വിവരം പുറത്തായത്. മമ്മൂട്ടിയും സംഘവും കഴിഞ്ഞ ദിവസം ആയിരുന്നു ശ്രീലങ്കയിൽ എത്തിയത്. വിമാനത്താവളത്തിൽ നിന്നുള്ള സംഘത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
സംവിധാനത്തിന് പുറമേ കഥയും തിരക്കഥയും മഹേഷ് നാരായണന്റേത് ആണ്. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിർമ്മാണം. രാജേഷ് കൃഷ്ണയും സി.വി സാരഥിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രഹകൻ മനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.