
ചെന്നൈ: അഭിനയത്തിൽ നിന്ന് താത്ക്കാലിക വിശ്രമമെടുത്ത് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി. വൻ കുടലിൽ അർബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടർന്ന് ചെന്നൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം റേഡിയേഷന് വിധേയനാകും.എന്നാൽ സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിക്കുന്നതുപോലെ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് അദ്ദേഹത്തെ പ്രാഥമിക പരിശോധനയ്ക്കു വിധേയമാക്കിയ മെഡിക്കൽ വിദഗ്ധർ പറഞ്ഞു.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിച്ചു വരികയായിരുന്നു മമ്മൂട്ടി .മോഹൻലാലും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയൻതാരയുമുൾപ്പെടെ വൻ താരനിരയുള്ള ചിത്രമാണിത്. ഇതിന്റെ ചിത്രീകരണത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്താണ് ചികിത്സ. റേഡിയേഷൻ കഴിഞ്ഞാൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്. കീമോയുൾപ്പെടെ തുടർ ചികിത്സ ആവശ്യമാണോയെന്നും തീരുമാനിക്കും. ശസ്ത്രക്രിയ ആവശ്യമായി വന്നാൽ അമേരിക്കയിൽ പോയി വിദഗ്ധപരിശോധന നടത്താനും ആലോചിക്കുന്നുണ്ട്.
ചെന്നൈയിലെ വസതിയിൽ നിന്നും തേനാംപെട്ടിലുള്ള ആശുപത്രിയിൽ എന്നും പോയി മടങ്ങത്തക്കവിധമാണ് റേഡിയേഷൻ ക്രമീകരിച്ചിട്ടുള്ളതെന്നറിയുന്നു.നേരത്തെ തന്നെ രോഗനിർണയം നടന്നതിനാൽ പ്രാഥമിക ചികിത്സകൊണ്ട് പൂർണആരോഗ്യവാനായി മമ്മൂട്ടിക്ക് മടങ്ങിയെത്താൻ കഴിയും. ഭാര്യ സുൽഫത്ത്, മകനും നടനുമായ ദുൽഖർ സൽമാൻ,ഭാര്യ ,മകൾ സുറുമി, മകളുടെ ഭർത്താവ് ഡോക്ടർ കൂടിയായ മുഹമ്മദ് റെഹാൻ സയിദ് തുടങ്ങി കുടുംബാംഗങ്ങൾ എല്ലാവരും ഒപ്പമുണ്ട്.