27.8 C
Kottayam
Tuesday, May 21, 2024

ഇസ്രയേലിൽ ഹമാസ്‌ മിസൈൽ ആക്രമണത്തിൽ മലയാളിയുവതിക്ക് പരിക്ക്

Must read

ടെല്‍ അവീവ്: ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളിയുവതിയ്ക്ക് പരിക്ക്. കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ്(41) പരിക്കേറ്റത്.

വടക്കന്‍ ഇസ്രയേലിലെ അഷ്‌കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. ഇസ്രായേല്‍ സമയം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു.

വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടന്‍ ഫോണ്‍ സംഭാഷണം നിലച്ചു. പിന്നീട് ഇവരെ വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇവര്‍ ജോലി ചെയ്യുന്ന വീട്ടുകാര്‍ക്കും പരിക്കുണ്ട്.

ഷീജയ്ക്ക് കാലിനാണ് പരിക്ക്. ഷീജയെ ഉടന്‍ തന്നെ സമീപത്തുള്ള ബെര്‍സാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ടെല്‍ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. പയ്യാവൂര്‍ സ്വദേശി ആനന്ദനാണ് ഷീജയുടെ ഭര്‍ത്താവ്. മക്കള്‍: ആവണി ആനന്ദ്, അനാമിക ആനന്ദ്.

അതേസമയം ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ രണ്ടു ദിവസത്തിനിടെ മരണം ആയിരം കടന്നു. ഇസ്രയേലിലേക്ക് കടന്നു കയറി ഹമാസ് നടത്തിയ ആക്രമണത്തിലും ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തിലും ഇരുപക്ഷത്തും കനത്ത നാശനഷ്ടമാണുണ്ടായത്. ഇസ്രയേലില്‍ 600-ലധികം പേര്‍ കൊല്ലപ്പെട്ടപ്പോള്‍ പലസ്തീനില്‍ 370 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ ഇസ്രയേലിന് സായുധപിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ച് യു.എസ്. രംഗത്തെത്തിയിട്ടുണ്ട്. ജര്‍മനി, യുക്രൈന്‍, ഇറ്റലി, ബ്രിട്ടന്‍ എന്നിവയുടെ തലവന്മാരുമായി ചര്‍ച്ച നടത്തിയതായും ഇവര്‍ തങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week